ഡല്‍ഹി കഴിഞ്ഞാല്‍ വായുമലിനീകരണം കൂടുതല്‍ ബെംഗളൂരുവില്‍ബെംഗളൂരു:
രാജ്യത്ത് ഡല്‍ഹി കഴിഞ്ഞാല്‍ വായുമലിനീകരണം കൂടുതലുള്ള ബെംഗളൂരുവില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ വന്‍വര്‍ധന. 2017 ഓഗസ്റ്റ് 30 വരെ നഗരത്തിലുള്ള വാഹനങ്ങളുടെ എണ്ണം 70.8 ലക്ഷമായി. ഇതില്‍ 49.07 ലക്ഷം ഇരുചക്രവാഹനങ്ങളും 13.68 ലക്ഷം കാറുകളുമാണ്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വാഹനങ്ങളുടെ രജിസ്‌ട്രേഷനില്‍ 11.78 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. കൂടാതെ, മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ചെയ്ത വാഹനങ്ങളും നഗരത്തിലോടുന്നുണ്ട്.

2016-17 കാലയളവില്‍ ബെംഗളൂരുവിലെ വിവിധ ആര്‍.ടി. ഓഫീസുകളില്‍ പുതുതായി രജിസ്റ്റര്‍ചെയ്തത് 6.04 ലക്ഷം വാഹനങ്ങളായിരുന്നു. 2015-16ല്‍ ഇത് 5.53 ലക്ഷവും 2014-15ല്‍ 5.09 ലക്ഷവുമായിരുന്നു.

വായുമലിനീകരണഭീഷണി കൂടുതലായി നേരിടുന്ന ഡല്‍ഹിയില്‍ വാഹനങ്ങളുടെ എണ്ണം ഒരുകോടി കവിഞ്ഞിരിക്കുകയാണ്. ഡല്‍ഹി ഗതാഗത വകുപ്പിന്റെ കണക്കനുസരിച്ച് 2017 മേയ് 30 വരെ വാഹനങ്ങളുടെ എണ്ണം 1,05,67,712 ആണ്. ഇതില്‍ 31,72,842 എണ്ണം കാറുകളാണ്. ഡല്‍ഹിയിലെപ്പോലെ ബെംഗളൂരുവിലും നിരത്തിലിറങ്ങുന്ന വാഹനങ്ങളില്‍ കൂടുതല്‍ ഇരുചക്രവാഹനങ്ങളാണ് - 66,48,730. ബെംഗളൂരുവില്‍ ഓരോ വര്‍ഷവും 12.04 ശതമാനമാണ് വര്‍ധന. ദിവസേന ശരാശരി 1200 ഇരുചക്രവാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നുവെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം 4.17 ലക്ഷം ഇരുചക്രവാഹനങ്ങളാണ് പുതുതായി രജിസ്റ്റര്‍ചെയ്തത്. കാറുകളുടെ വര്‍ധന 10. 93 ശതമാനമാണ്. സംസ്ഥാനത്തെ മറ്റു ജില്ലകളില്‍ മൊത്തം രജിസ്റ്റര്‍ചെയ്യുന്ന വാഹനങ്ങളെക്കാള്‍ കൂടുതലാണ് ബെംഗളൂരുവില്‍.

വാഹനപ്പെരുപ്പം ഗതാഗതക്കുരുക്കിന് ഇടയാക്കുന്നതോടൊപ്പം അന്തരീക്ഷമലിനീകരണവും കൂട്ടുന്നു. വായുമലിനീകരണം ഇങ്ങനെ ക്രമാതീതമായി കൂടുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് മുന്നറിയിപ്പ് നല്‍കി. വായുമലിനീകരണത്തിന്റെ 42 ശതമാനത്തിനും കാരണം വാഹനങ്ങളാണെന്നാണ് കണ്ടെത്തല്‍. റോഡിലെ പൊടി (20 ശതമാനം), നിര്‍മാണപ്രവര്‍ത്തനങ്ങള്‍ (14 ശതമാനം), മാലിന്യം (മൂന്നുശതമാനം) എന്നിങ്ങനെയാണ് മറ്റുകാരണങ്ങള്‍.

ഒരുകോടിയിലേറെ ജനസംഖ്യയുള്ള നഗരത്തില്‍ ഓരോ വര്‍ഷവും കൂടുതലായി അഞ്ചുലക്ഷത്തിലധികം വാഹനങ്ങളാണ് നിരത്തിലിറങ്ങുന്നത്. വായുമലിനീകരണത്തില്‍ ഡല്‍ഹി കഴിഞ്ഞാല്‍ രണ്ടാംസ്ഥാനത്ത് ബെംഗളൂരുവാണ്. നഗരത്തിലൂടെ സ്ഥിരമായി യാത്രചെയ്യുന്നവരെയും തിരക്കുള്ള മേഖലകളിലെ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളെയും പരിശോധിച്ച് 2016-ല്‍ സര്‍വേ നടത്തിയപ്പോള്‍ 34 ശതമാനം പേര്‍ക്കും ശ്വാസകോശസംബന്ധമായ അസുഖമുണ്ടെന്നാണ് 'ബ്രീത്ത് ബ്‌ളൂ' എന്ന സംഘടന കണ്ടെത്തിയത്.

പൊതുഗതാഗതസംവിധാനം ശക്തിപ്പെടുത്തി വാഹനപ്പെരുക്കത്തിന് പരിഹാരം കാണാനുള്ള സര്‍ക്കാര്‍നീക്കവും പ്രതീക്ഷിച്ച വിജയം കണ്ടില്ല. യാത്രക്കാരില്‍ 50 ശതമാനം മാത്രമാണ് ഇപ്പോള്‍ മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നത്.