ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. സര്‍ട്ടിഫിക്കറ്റില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് അനുവദിച്ചിട്ടുള്ള സമയപരിധി അഞ്ച് വര്‍ഷമാക്കി. വിദ്യാര്‍ഥിയുടെ പേര്, ജനനത്തീയതി, മാതാപിതാക്കളുടെ പേര് എന്നിവയില്‍ തിരുത്തല്‍ വരുത്തുന്നതിനുള്ള സമയപരിധിയാണ് നീട്ടിയത്.

10, 12 ക്ലാസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ച് അഞ്ചുവര്‍ഷത്തിനകം തിരുത്തലുകള്‍ വരുത്തണം. നിലവില്‍ ഒരുവര്‍ഷമായിരുന്നു സമയപരിധി. ഇപ്പോള്‍ കോടതികളുടെ പരിഗണനയിലുള്ള അപേക്ഷകള്‍ക്കും സി.ബി.എസ്.ഇ. ആസ്ഥാനത്തും മേഖലാ ഓഫീസുകളിലും ലഭിച്ചിട്ടുള്ള അപേക്ഷകള്‍ക്കും ഇത് ബാധകമാണെന്ന് ബോര്‍ഡ് അറിയിച്ചു.