മുംബൈ: ബഹുരാഷ്ട്ര വിത്തുകമ്പനി പുതിയ വിള പരിചയപ്പെടുത്താന്‍ മഹാരാഷ്ട്രയിലെ നാസിക്കില്‍ നടത്തിയ കര്‍ഷക സെമിനാറിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ ഒരാള്‍ മരിച്ചു. 75 പേര്‍ ചികിത്സയിലാണ്.

പുതുതായി വികസിപ്പിച്ച സങ്കരയിനം തക്കാളിച്ചെടി പ്രചരിപ്പിക്കുന്നതിന് ഈ രംഗത്തെ അതികായരായ ബെയര്‍ സീഡ്‌സ് നടത്തിയ സെമിനാറില്‍ പങ്കെടുത്തവരാണ് ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് അവശരായത്.

നാസിക്കിനടുത്ത് ഡിന്‍ഡോരിയിലെ ഉംമ്രാലേ ഗ്രാമത്തില്‍ നടന്ന ചടങ്ങില്‍ ഇരുനൂറോളം കര്‍ഷകരാണ് പങ്കെടുത്തത്. ഉച്ചഭക്ഷണം കഴിച്ചയുടന്‍ ഇവര്‍ ഛര്‍ദിക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയുമായിരുന്നു. ഭൂരിപക്ഷം പേരെയും പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചെങ്കിലും അതുല്‍ കേദാര്‍ !(41) എന്നയാള്‍ മരിച്ചു. 75 പേര്‍ ഇപ്പോഴും വിവിധ ആസ്​പത്രികളിലാണ്.

മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ കീടനാശിനിപ്രയോഗത്തെത്തുടര്‍ന്ന് കര്‍ഷകര്‍ മരണമടയുന്ന വാര്‍ത്തകള്‍ക്കിടെയാണ് ആഗോള കീടനാശിനിക്കമ്പനിയുടെ അനുബന്ധ സ്ഥാപനം നടത്തിയ ചടങ്ങില്‍ ഭക്ഷ്യവിഷബാധയുണ്ടായത്. സമീപത്തെ സ്വകാര്യ കാറ്ററിങ് സ്ഥാപനമാണ് ചടങ്ങില്‍ ഭക്ഷണം വിതരണം ചെയ്തത്.

സംഭവത്തെത്തുടര്‍ന്ന് ബെയര്‍ സീഡ്‌സിന്റെ റീജണല്‍ മാനേജര്‍ സുനില്‍ മുളേയ്ക്കും കാറ്ററിങ് സ്ഥാപനത്തിന്റെ ഉടമയ്ക്കും പാചകക്കാരനുമെതിരേ ഡിന്‍ഡോരി പോലീസ് കേസെടുത്തു. പാചകക്കാരന്‍ സുനില്‍ വാഡ്‌ജേയെയും കാറ്ററിങ് കോണ്‍ട്രാക്ടര്‍ സീതാറാം വാക്‌ഡേയെയും അറസ്റ്റുചെയ്തിട്ടുണ്ട്.

സംഭവത്തില്‍ ബെയര്‍ സീഡ്‌സ് ഖേദം പ്രകടിപ്പിച്ചു. തങ്ങളുടെ ആറ്് ജീവനക്കാരും ആസ്​പത്രിയിലാണെന്നും ഇതുസംബന്ധിച്ച ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും ബെയര്‍ സീഡ്‌സ് അധികൃതര്‍ അറിയിച്ചു.