ഗാന്ധിജിയോടുള്ള പരിഗണനയില്ലായ്മയെന്ന് കേന്ദ്രംന്യൂഡല്‍ഹി:
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇഷ്ടപദ്ധതിയായ 'സ്വച്ഛ് ഭാരത്' ദൗത്യത്തെ കടുത്തരീതിയില്‍ വിമര്‍ശിച്ച് ഐക്യരാഷ്ട്രസഭയുടെ പ്രതിനിധി. 'സ്വച്ഛ് ഭാരതി'ല്‍ സമഗ്രമായ മനുഷ്യാവകാശ സമീപനത്തിന്റെ കുറവുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കുടിവെള്ളം, ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട മനുഷ്യാവകാശകാര്യങ്ങള്‍ നോക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി ലിയോ ഹെല്ലറിന്റേതാണ് വിമര്‍ശം. തന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ചു. ശൗചാലയങ്ങള്‍ നിര്‍മിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യം എല്ലാവര്‍ക്കും കുടിവെള്ളമെത്തിക്കുന്നതിന് നല്‍കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. സര്‍ക്കാരിന്റെ ശൗചാലയ പദ്ധതി എല്ലാവര്‍ക്കും കുടിവെള്ളമെന്ന ലക്ഷ്യത്തിനുമേല്‍ നിഴല്‍വീഴ്ത്തുന്നതാകരുതെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടാഴ്ചയ്ക്കിടെ ഇന്ത്യയിലെ ഗ്രാമങ്ങളും നഗരങ്ങളും ചേരികളും, രേഖകളില്ലാത്ത ജനങ്ങള്‍ താമസിക്കുന്ന ഇടങ്ങളും സന്ദര്‍ശിച്ചെന്നും സര്‍ക്കാര്‍ സംരംഭങ്ങളിലൊക്കെ മനുഷ്യാവകാശത്തിന്റെ കുറവുള്ളതായി കണ്ടെന്നും അദ്ദേഹം പറഞ്ഞു. 'പോകുന്നിടത്തൊക്കെ ശുചിത്വഭാരത ദൗത്യത്തിന്റെ അടയാളമായ ഗാന്ധിക്കണ്ണട ഞാന്‍ കണ്ടു. ദൗത്യം നടപ്പാക്കിയതിന്റെ മൂന്നാംവാര്‍ഷികത്തില്‍, ഈ കണ്ണടയുടെ ചില്ലുമാറ്റി മനുഷ്യാവകാശത്തിന്റേത് വയ്‌ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.' -അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ഒക്ടോബര്‍ 27 മുതലാണ് ഹെല്ലര്‍ ഇന്ത്യ സന്ദര്‍ശിച്ചത്.

ഹെല്ലറുടെ പ്രസ്താവനയ്‌ക്കെതിരേ കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നു. മഹാത്മ ഗാന്ധിയോടുള്ള തികഞ്ഞ പരിഗണനയില്ലായ്മാണിതെന്നു പറഞ്ഞ് കേന്ദ്രം അപലപിച്ചു. 'ശുചീകരണമുള്‍പ്പെടെയുള്ള മനുഷ്യാവകാശങ്ങളുടെ ആദ്യ പ്രയോക്താവാണ് മഹാത്മയെന്ന് ലോകത്തിന് അറിയാം. സ്വച്ഛഭാരത ദൗത്യത്തിന്റെ അടയാളമായ ഗാന്ധിക്കണ്ണട മനുഷ്യാവകാശ തത്ത്വങ്ങളുടെ ഉദാഹരണമാണ്'-സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.