എതിര്‍കക്ഷികളുടെ വാദം കേള്‍ക്കാന്‍ എസ്.എ.ടി. നിര്‍ദേശം
മുംബൈ:
ഓഹരിവിപണിയില്‍ കൃത്രിമം കാണിച്ചതിന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനിയടക്കം 22 പേര്‍ക്ക് പിഴശിക്ഷ വിധിച്ച സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുടെ നടപടി സെക്യൂരിറ്റീസ് അപ്പലറ്റ് ട്രിബ്യൂണല്‍ (എസ്.എ.ടി.) റദ്ദാക്കി. എതിര്‍കക്ഷികള്‍ക്ക് പറയാനുള്ളതുകൂടി പരിഗണിച്ച് കേസില്‍ പുതിയ വിധി പുറപ്പെടുവിക്കാന്‍ സെബിക്ക് അപ്പീല്‍ അധികാരിയായ എസ്.എ.ടി. നിരദേശം നല്‍കി.

'സാരംഗ് കെമിക്കല്‍സ്' എന്ന ചെറുകമ്പനിയുടെ ഓഹരിവില കൃത്രിമമായി പെരുപ്പിച്ചുകാണിച്ച് വില്‍പ്പനനടത്തി ലാഭമുണ്ടാക്കിയ സംഭവത്തിലാണ് വിജയ് രുപാനിയുടെ ഹിന്ദു അവിഭക്ത കുടുംബം ഉള്‍പ്പെടെ 20 നിക്ഷേപകര്‍ക്കും രണ്ട് ഓഹരിദല്ലാളന്‍മാര്‍ക്കും സെബി 6.9 കോടി രൂപ പിഴ ചുമത്തിയത്. ഒക്ടോബര്‍ 27-ന്റെ ഈ ഉത്തരവിനെതിരേ നിക്ഷേപകരില്‍ ഒരാളായ ആകാശ് ഹരീഷ് ഭായ് ദേശായിയാണ് അപ്പീല്‍ നല്‍കിയത്.

എതിര്‍കക്ഷികള്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെയാണ് സെബി വിധി പുറപ്പെടുവിച്ചതെന്ന ഹര്‍ജിക്കാരന്റെ വാദം എസ്.എ.ടി. ശരിവെച്ചു. പിഴവിധിച്ച നടപടി റദ്ദാക്കിയ എസ്.എ.ടി. അധ്യക്ഷന്‍ ജെ.പി. ദേവധാര്‍ എല്ലാവരുടെയും വാദം കേട്ടശേഷം പുതിയ ഉത്തരവ് പുറപ്പെടുവിക്കാന്‍ സെബിക്ക് നിരദേശം നല്‍കി. ഇതിനുതയ്യാറാണെന്ന് സെബിയുടെ അഭിഭാഷകന്‍ എസ്.എ.ടി.യെ അറിയിച്ചു. വ്യാഴാഴ്ചയാണ് എസ്.എ.ടി. ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

വിജയ് രുപാനി ഗുജറാത്ത് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നതിന് അഞ്ചുവര്‍ഷംമുമ്പ് 2011 ജനുവരിക്കും ജൂണിനുമിടയിലാണ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ ഓഹരി ക്രയവിക്രയം നടന്നത്. സാരംഗ് കെമിക്കല്‍സിന്റെ ഓഹരികള്‍ അതുമായി ബന്ധമുള്ള ഇടപാടുകാര്‍തന്നെ പരസ്​പരം വാങ്ങിക്കൂട്ടി ഓഹരിവില കൃത്രിമമായി പെരുപ്പിച്ചുകാണിച്ചശേഷം വിറ്റൊഴിക്കുകയായിരുന്നെന്ന് സെബി കണ്ടെത്തിയിരുന്നു.

എന്നാല്‍, ഈ ഇടപാടില്‍ രുപാനി കുടുംബം അവിഹിതമായി ഒന്നും ചെയ്തിട്ടില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. 2011-ല്‍ സാരംഗ് കെമിക്കല്‍സിന്റെ ഓഹരി 63,000 രൂപയ്ക്കാണ് രുപാനി കുടുംബം വാങ്ങിയത്. അത് 35,000 രൂപയ്ക്കാണ് വിറ്റത്. ഇതില്‍ 28,000 രൂപ നഷ്ടമാണ് വന്നത്. വിജയ് രുപാനി കുടുംബം ആ വര്‍ഷം മറ്റ് ഓഹരി ഇടപാടുകളൊന്നും നടത്തിയിട്ടില്ലെന്നും സാരംഗ് കെമിക്കല്‍സിലെ മറ്റ് ഓഹരി ഇടപാടുകളില്‍ അദ്ദേഹത്തിന് പങ്ക് ഒന്നുമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

സാരംഗ് കെമിക്കല്‍സിന്റെ ഓഹരിവില്‍പ്പനയെക്കുറിച്ച് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് 2011-ല്‍ത്തന്നെ സെബി അന്വേഷണം തുടങ്ങിയിരുന്നു. കാരണംകാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ വിജയ് രുപാനിയടക്കമുള്ളവര്‍ തയ്യാറാവാതിരുന്നതിനെത്തുടര്‍ന്നാണ് അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെ സെബി ഉത്തരവ് പുറപ്പെടുവിച്ചത്. ഇപ്പോള്‍ സെബിയുടെ നോട്ടീസിന് മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ എതിര്‍കക്ഷികള്‍ക്ക് എസ്.എ.ടി. നിര്‍ദേശം നല്‍കിയിട്ടുണ്ട്.