മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യമുണ്ടാക്കുന്നകാര്യത്തില്‍ കോണ്‍ഗ്രസിന് തുറന്ന സമീപനമാണുള്ളതെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന്‍ പറഞ്ഞു. എന്നാല്‍, സഖ്യധാരണസംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പി.യുടെ കര്‍ഷകവിരുദ്ധ നയങ്ങളെയും സര്‍ക്കാരിന്റെ നയങ്ങളെയും വിമര്‍ശിക്കുന്ന ശിവസേനയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് അശോക് ചവാന്‍ പറഞ്ഞു.

ബി.ജെ.പി.യുമായുള്ള സഖ്യം ശിവസേന ഉപേക്ഷിച്ചാലും ബി.ജെ.പി.യെ എന്‍.സി.പി. പിന്തുണയ്ക്കില്ലെന്ന ശരദ് പവാര്‍ പ്രഖ്യാപനം നടത്തിയിരുന്നു. ശിവസേന സഖ്യം വിട്ടാല്‍ ബി.ജെ.പി.ക്ക് ഉറപ്പുള്ള ഒരു സഹായി എന്നമട്ടിലായിരുന്നു അടുത്തകാലംവരെ എന്‍.സി.പി.യുടെ നില്‍പ്പ്. പത്തുദിവസം മുന്‍പ് ഉദ്ധവ് താക്കറെ തന്നെ വന്നുകണ്ട് ചര്‍ച്ചനടത്തിയെന്നകാര്യം ശരദ് പവാര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. എന്‍.സി.പി.യെയും പവാറിനെയും രൂക്ഷമായി എതിര്‍ക്കുന്ന ഉദ്ധവ് താക്കറെ, പവാറിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത് ശിവസേനയുടെയും നിലപാടുമാറ്റത്തിന്റെ സൂചനയാണ്.

ഇക്കാര്യത്തെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് മഹാരാഷ്ട്ര അധ്യക്ഷന്‍ ശിവസേനയുമായി തുറന്നസമീപനമാണ് കോണ്‍ഗ്രസിനുള്ളതെന്ന പ്രസ്താവനയുമായി രംഗത്തെത്തിയത്. എന്നാല്‍, ശിവസേന നേതാക്കാള്‍ ഇക്കാര്യത്തോട് പ്രതികരിച്ചിട്ടില്ല.

മുന്‍ ശിവസേനാ നേതാവായ റാണെയെ ബദ്ധശത്രുവായാണ് ഉദ്ധവ് കണക്കാക്കുന്നത്. റാണെയെ മന്ത്രിസഭയില്‍ എടുത്താല്‍ സഖ്യം വിടുമെന്ന് നേരത്തേ ശിവസേന പ്രതികരിച്ചിരുന്നു. അത് അവഗണിച്ച് റാണെയെ ചേര്‍ത്ത് മുന്നോട്ടുപോകാന്‍ ബി.ജെ.പി. തീരുമാനിച്ച വേളയിലാണ് ഉദ്ധവ് താക്കറെ പലവിധ നീക്കങ്ങളുമായി സജീവമായിട്ടുള്ളത്.