വസ്തുവകകള്‍ സര്‍ക്കാരിലേക്ക് ലയിപ്പിക്കാനും തീരുമാനംഹൈദരാബാദ്:
നടത്തിപ്പില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് തെലങ്കാന വഖഫ് ബോര്‍ഡ് ഓഫീസ് പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വഖഫ് ബോര്‍ഡിന്റെ അധീനതയില്‍ വരുന്ന വസ്തുവകകള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടണമെന്നും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ഉത്തരവിട്ടു.

ഹജ്ജ് ഹൗസ് ഉള്‍പ്പെടുന്ന കെട്ടിടം ഒഴിപ്പിക്കാന്‍ ചൊവ്വാഴ്ചതന്നെ റവന്യൂ വകുപ്പ് അധികൃതര്‍ നടപടികള്‍ തുടങ്ങിയിരുന്നു. സര്‍ക്കാരിന്റെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം നല്‍കാന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് സലീമിന് കഴിയാത്തതിനാലാണ് നടപടിയെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

വര്‍ഷങ്ങളായി വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ചില കുടുംബങ്ങളുടെ കൈയിലാണെന്നും ആ കുടുംബാംഗങ്ങളെ മാത്രമാണ് ഇവിടെ ജോലിക്കായി നിയമിക്കുന്നതെന്നും സര്‍ക്കാര്‍ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തൂപ്പുജോലിക്കാര്‍ക്ക് 80,000 രൂപ മാസശമ്പളം നല്‍കിവന്നിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇത്തരം പശ്ചാത്തലത്തിലാണ് വഖഫ് ബോര്‍ഡ് ഓഫീസ് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഹൈദരാബാദിലെ മുസ്ലിം സമുദായത്തില്‍ ഏറെ സ്വാധീനമുള്ള സംഘടനയായ ഓള്‍ ഇന്ത്യ മജ്‌ലിസ് ഇത്താഹാദുല്‍ മുസ്ലിമിന്റെ (എ.ഐ.എം.ഐ.എം.) നേതാവ് അക്ബറുദിന്‍ ഒവൈസി സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.