ന്യൂഡല്‍ഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോ. സൗമ്യാ സ്വാമിനാഥനെ ലോകാരോഗ്യ സംഘടനയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ (പ്രോഗ്രാംസ്) ആയി നിയമിച്ചു. ലോകാരോഗ്യ സംഘടനയിലെ രണ്ടാം വലിയ പദവിയാണിത്. ശിശുരോഗ വിദഗ്ധയായ സൗമ്യാ സ്വാമിനാഥന്‍ ക്ഷയരോഗം സംബന്ധിച്ച് നടത്തിയ ഗവേഷണം പ്രസിദ്ധമാണ്. ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ ട്യൂബര്‍കുലോസിസിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന എം.എസ്. സ്വാമിനാഥന്റെ മകളാണിവര്‍.