ന്യൂഡൽഹി: വിവാഹേതരബന്ധം ക്രിമിനൽ കുറ്റമല്ലെന്ന വിധിയിൽനിന്ന് സൈന്യത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കരസേന സുപ്രീംകോടതിയെ സമീപിച്ചേക്കും.

2018-ൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിക്കെതിരേയാണ് കരസേനയുടെ എതിർപ്പ്. വിഷയം പ്രതിരോധമന്ത്രാലയത്തിനുമുമ്പിൽ കരസേന ഉന്നയിച്ചിട്ടുണ്ട്. വിവാഹേതരബന്ധത്തെ ക്രിമിനൽ കുറ്റമാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 497-ാംവകുപ്പ് റദ്ദാക്കിയതിലൂടെ സൈന്യത്തിലെ അച്ചടക്കം ലംഘിക്കപ്പെടുമെന്നാണ് അവരുടെ ആശങ്ക. ഒരു ഉദ്യോഗസ്ഥന്റെ ഭാര്യയുമായി മറ്റൊരു ഉദ്യോഗസ്ഥൻ ബന്ധപ്പെട്ടതായി തെളിഞ്ഞാൽ കുറ്റക്കാരനെ സർവീസിൽനിന്ന് പുറത്താക്കാൻ സൈനികചട്ടങ്ങൾ പ്രകാരം സാധിക്കും. എന്നാൽ, 497-ാം വകുപ്പ് നീക്കിയത് അച്ചടക്കം കാത്തുസൂക്ഷിക്കുന്നതിൽ ഏറെ വെല്ലുവിളി സൃഷ്ടിക്കുമെന്ന് സേനാവൃത്തങ്ങൾ പറയുന്നു.

ജോലിയുടെ ഭാഗമായി പുരുഷ ഉദ്യോഗസ്ഥൻമാർക്ക് മാസങ്ങളോളം കുടുംബത്തെ വിട്ടുനിൽക്കേണ്ടിവരും. ഈ സാഹചര്യത്തിൽ അച്ചടക്കമില്ലാത്ത പെരുമാറ്റം ചില പുരുഷ ഉദ്യോഗസ്ഥരിൽനിന്ന് ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.

ദാമ്പത്യത്തിൽ ഭർത്താവിന് മേധാവിത്വം നൽകുന്ന 100 വർഷത്തിലേറെ പഴക്കമുള്ള നിയമമാണെന്ന് ചൂണ്ടിക്കാട്ടിയാണ് 2018 സെപ്റ്റംബറിൽ വിവാഹേതരബന്ധത്തെ സുപ്രീംകോടതിയുടെ അഞ്ചംഗബെഞ്ച് ക്രിമിനൽ കുറ്റമല്ലാതാക്കിയത്. വിവാഹിതയുമായി ഉഭയസമ്മതത്തോടെ ബന്ധപ്പെട്ടാലും ആ സ്ത്രീയുടെ ഭർത്താവ് പരാതിപ്പെട്ടാൽ പുരുഷനെമാത്രം ക്രിമിനൽക്കുറ്റം ചുമത്തി ജയിലിൽ അടയ്ക്കാൻ വ്യവസ്ഥ ചെയ്യുന്നതായിരുന്നു 497-ാംവകുപ്പ്. പുരുഷന്റെ സ്വകാര്യസ്വത്താണ് സ്ത്രീയെന്ന സങ്കല്പത്തിൽ ഊന്നിയുള്ള വ്യവസ്ഥയായിരുന്നു ഇതെന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്. ഏകപക്ഷീയമാണ് വിവാഹേതരബന്ധ നിയമമെന്നും സ്ത്രീയുടെ അന്തസ്സിനെ ഇത്‌ അവഹേളിക്കുന്നെന്നും അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

വിരമിച്ച ഉദ്യോഗസ്ഥന്റെ ഭാര്യയുമായി വിവാഹേതരബന്ധത്തിൽ ഏർപ്പെട്ട കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരായ പട്ടാളവിചാരണ കഴിഞ്ഞമാസം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. വിവാഹേതരബന്ധത്തിനെതിരേ കരസേനാ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം നടപടി സ്വീകരിച്ചിരുന്നത്. എന്നാൽ, 497-ാംവകുപ്പ് റദ്ദാക്കിയതോടെ ഇത്തരം കുറ്റമാരോപിക്കപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കുന്നതിൽ സേനയ്ക്കുമേൽ നിയന്ത്രണം വന്നിരിക്കുകയാണ്.

content highlights: Army Wants Adultery to Remain Offence