ശ്രീനഗർ: നിയന്ത്രണരേഖ മറികടന്നെത്തിയ പാകിസ്താൻ അധിനിവേശ കശ്മീർ സ്വദേശിയായ ആൺകുട്ടിയെ പാകിസ്താനു കൈമാറി ഇന്ത്യൻ സൈന്യം. തിങ്കളാഴ്ചയാണ് ലിപ സ്വദേശി മൻസൂർ അഹമ്മദിന്റെ മകൻ മൗസിൽ വടക്കൻ കശ്മീരിലെ കുപ്‌വാര ജില്ലയിലെ കർണ സെക്ടറിലെ സദ്‌പേറ പ്രദേശത്തുള്ള നിയന്ത്രണരേഖ മറികടന്ന് ഇന്ത്യയിലെത്തിയത്. ടിത്വാൾ ക്രോസിങ്‌ പോയന്റിൽ വെച്ച് കുട്ടിയെ അയൽരാജ്യത്തിനു കൈമാറിയതായി പ്രതിരോധ വക്താവ് അറിയിച്ചു.

കുട്ടിയെ കണ്ടെത്തിയ ഉടൻതന്നെ പാകിസ്താൻ സൈന്യത്തെ അറിയിച്ചിരുന്നു. തെറ്റായ ഉദ്ദേശ്യങ്ങൾ ഉണ്ടായിരുന്നില്ലെന്നും അശ്രദ്ധമായി കടന്നതാണെന്നും സൈന്യം സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കുട്ടിയെ കൈമാറിയത്. തിരിച്ചയച്ച കുട്ടിക്ക് വസ്ത്രങ്ങളും മധുരപലഹാരങ്ങളും നൽകിയതായും ഉദ്യോഗസ്ഥൻ അറിയിച്ചു.

Content Highlights: Army hands over boy from PoJK, who strayed across LoC, to Pakistani authorities