ശ്രീനഗര്‍: ജയ്‌ഷെ മുഹമ്മദിന്റെ ചീഫ് കമാന്‍ഡര്‍ മുഫ്തി വഖാസിനെ തെക്കന്‍ കശ്മീരിലെ അവന്തിപോരയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന വധിച്ചു. കഴിഞ്ഞമാസം സുന്‍ജുവാന്‍ കരസേനാ ക്യാമ്പിലുണ്ടായ ചാവേറാക്രമണത്തിന്റെ സൂത്രധാരനാണ് ഇയാളെന്ന് സൈനികവക്താവ് പറഞ്ഞു.

രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അവന്തിപോരയിലെ ഹാത്തിവാര മേഖലയിലുള്ള ഇയാളുടെ ഒളിത്താവളം സുരക്ഷാസേന വളഞ്ഞത്. തുടര്‍ന്ന് രണ്ടുമണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിലാണ് വഖാസ് കൊല്ലപ്പെട്ടത്. ഒരു പോലീസുകാരനും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ടെങ്കിലും സ്ഥിരീകരണമില്ല.

അഞ്ചുസൈനികരും ഒരു സൈനികന്റെ പിതാവും കൊല്ലപ്പെട്ട സുന്‍ജുവാന്‍ ആക്രമണത്തിനു പുറമേ സംസ്ഥാനത്തെ ഒട്ടേറെ ഭീകരാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് വഖാസാണ്. പുല്‍വാമ, ലേത്പുര എന്നിവിടങ്ങളിലെ പോലീസ് ക്യാന്പുകളും ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപത്തെ ബി.എസ്.എഫ്. ക്യാമ്പും ആക്രമിച്ചതിന്റെ പിന്നിലും ഇയാളാണെന്ന് സൈന്യം അറിയിച്ചു.

മുതിര്‍ന്ന ജെയ്‌ഷെ കമാന്‍ഡര്‍ നൂര്‍ മുഹമ്മദിനെ വധിച്ചതിന് മാസങ്ങള്‍ക്കുള്ളില്‍ അവരുടെ മറ്റൊരു മുതിര്‍ന്ന കമാന്‍ഡറെയും ഇല്ലാതാക്കാന്‍ കഴിഞ്ഞത് സുരക്ഷാസേനകളുടെ വലിയ നേട്ടമായാണ് വിലയിരുത്തുന്നത്. ഡിസംബറിലാണ് നൂര്‍ മുഹമ്മദിനെ വധിച്ചത്.