ന്യൂഡല്‍ഹി: അഹിംസയിലും ലാളിത്യത്തിലും അധിഷ്ഠിതമായ ഗാന്ധിയൻ തത്ത്വം പ്രചരിപ്പിക്കാൻ അർമേനിയൻ പാർലമെന്റ്. ഇതിന്റെ ഭാഗമായി മഹാത്മാഗാന്ധിയുടെ പ്രതിമ അവർ ഏറ്റുവാങ്ങി.

ഇന്ത്യയുടെ രാഷ്ട്രപിതാവിനുള്ള ഈ അംഗീകാരത്തിന് അവസരമൊരുക്കിയത് മലയാളിയും ഗാന്ധിയനുമായ പി.വി. രാജഗോപാൽ. അര്‍മേനിയന്‍ പാർലമെന്റിനുവേണ്ടിയുള്ള ഗാന്ധി പ്രതിമ അദ്ദേഹം അര്‍മേനിയന്‍-ഇന്ത്യന്‍ ഫ്രണ്ട്ഷിപ്പ് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനും പാര്‍ലമെന്റംഗവുമായ ഹോവ്‌ഹെന്‍സ് ഹോവ്ഹനിസ്യാനു സമ്മാനിച്ചു.

ഗാന്ധിയെക്കുറിച്ചും ഗാന്ധിയന്‍ സിദ്ധാന്തങ്ങളെക്കുറിച്ചും സ്വന്തം രാജ്യത്തെ ജനങ്ങളെ പഠിപ്പിക്കാനായി അര്‍മേനിയയുടെ ദേശീയ മ്യൂസിയത്തില്‍ പ്രതിമ സ്ഥാപിക്കാനാണ് തീരുമാനം. വാര്‍ധ സേവാഗ്രാമത്തില്‍ ശില്പി ജലന്ദർ നാഥ് നിര്‍മിച്ചതാണ് പ്രതിമ. ഗാന്ധിയന്‍ സന്ദേശങ്ങള്‍ ഇന്ന് അര്‍മേനിയയില്‍ അനിവാര്യമാണെന്ന് ഹോവ്‌ഹെന്‍സ് അഭിപ്രായപ്പെട്ടു. അലിക് മീഡിയ എഡിറ്റര്‍ ആര്‍സന്‍ ഖരത്യാന്‍, ജില്‍ കാര്‍ ഹാരിസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

ഗാന്ധിയന്‍ സന്ദേശം ആഗോളതലത്തില്‍ പ്രചരിപ്പിക്കാനായി പി.വി. രാജഗോപാലിന്റെ നേതൃത്വത്തിലുള്ള ജയ് ജഗത് പദയാത്ര കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ പുറപ്പെട്ടിരുന്നു. ഈ യാത്ര ഫെബ്രുവരി 12-ന് അര്‍മേനിയയില്‍ പ്രവേശിച്ചു. യാത്രയെ സ്വീകരിക്കാന്‍ അര്‍മേനിയന്‍ പാര്‍ലമെന്റംഗങ്ങളുമെത്തി. ലോകമെങ്ങും കോവിഡ് പടര്‍ന്നതിനെ തുടര്‍ന്ന് ജയ് ജഗത് യാത്ര മാര്‍ച്ച് 16-ന് അര്‍മേനിയയില്‍ നിര്‍ത്തിവെക്കേണ്ടിവന്നു. ഇപ്പോള്‍ അവിടെ തങ്ങിയിരിക്കുകയാണ് രാജഗോപാലും സംഘവും.

Content Highlight: Armenia will learn the Gandhian principle