ന്യൂഡല്‍ഹി: വിരമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ സംബന്ധമായ കാര്യങ്ങളറിയാന്‍ മൊബൈല്‍ ആപ്പ് വരുന്നു. ഇതിന്റെ ഉദ്ഘാടനം ബുധനാഴ്ച നടക്കുന്ന പ്രഥമ പെന്‍ഷന്‍ അദാലത്തില്‍ മന്ത്രി ഡോ. ജിതേന്ദ്ര സിങ് നിര്‍വഹിക്കും.

സര്‍വീസില്‍നിന്ന് വിരമിക്കാന്‍ പോകുന്നവര്‍ക്കു പെന്‍ഷന്‍ സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ അറിയുന്നതിനും പരാതികള്‍ നല്‍കുന്നതിനും ആപ്പ് വഴി കഴിയും. വിരമിച്ചവര്‍ക്കു പെന്‍ഷന്‍ ഫണ്ട് സംബന്ധിച്ച വിവരങ്ങളറിയുന്നതിനും പെന്‍ഷന്‍ കണക്കുകൂട്ടുന്നതിനും പരാതികള്‍ നല്‍കുന്നതിനുമുള്ള സൗകര്യങ്ങളും ആപ്പിലുണ്ട്.

'അനുഭവ്' പദ്ധതിയില്‍ മികച്ച നിര്‍ദേശങ്ങള്‍ നല്‍കിയ 17 പേര്‍ക്കുള്ള അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്യും. വിരമിച്ചവരുടെയും വിരമിക്കാന്‍ പോകുന്നവരുടെയും അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനും നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും രൂപവത്കരിച്ചതാണ് 'അനുഭവ്' പദ്ധതി.