ബെംഗളൂരു: താൻ ബി.ജെ.പി.യിൽ ചേർന്നെന്നരീതിയിൽ പ്രചരിച്ച വാർത്ത അടിസ്ഥാനരഹിതമെന്ന് അഞ്ജു ബോബി ജോർജ്. കേന്ദ്രമന്ത്രി വി. മുരളീധരൻ കുടുംബസുഹൃത്തും നാട്ടുകാരനുമാണ്. ചില ചടങ്ങുകളിലേക്ക് ക്ഷണിക്കാനാണ് അദ്ദേഹത്തെ സമീപിച്ചത്.
സമയം വളരെ കുറവായതിനാൽ വേദിയിലിരുന്ന് സംസാരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഇതനുസരിച്ച് വേദിയിലേക്ക് കയറിയപ്പോൾ പാർട്ടി പതാകതന്നാണ് വേദിയിലുണ്ടായിരുന്നവർ സ്വീകരിച്ചത്. സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പയുമൊത്ത് ചിത്രമെടുക്കുകയും ചെയ്തു. ഈ ചിത്രമാണ് വാർത്താ ഏജൻസികൾ പുറത്തുവിട്ടത്. ഫോണിൽ വിളിച്ച് സുഹൃത്തുക്കളും ബന്ധുക്കളും അന്വേഷിച്ചപ്പോഴാണ് ഇങ്ങനെയൊരു വാർത്ത പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതെന്നും അഞ്ജു ബോബി ജോർജ് പറഞ്ഞു.
ബെംഗളൂരു ജയനഗറിൽനടന്ന ബി.ജെ.പി. അംഗത്വപ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിനിടെയാണ് അഞ്ജു ബോബി ജോർജ് വേദിയിലെത്തിയത്. ചടങ്ങിൽ കേന്ദ്രമന്ത്രി വി. മുരളീധരനും പങ്കെടുത്തിരുന്നു.
ബി.എസ്. യെദ്യൂരപ്പയുമൊത്ത് ബി.ജെ.പി. കൊടിയുമായി അഞ്ജു ബോബി ജോർജ് നിൽക്കുന്ന ചിത്രം സാമൂഹികമാധ്യമങ്ങളിലുൾപ്പെടെ അതിവേഗമാണ് പ്രചരിച്ചത്. ഇതിനനുകൂലമായും പ്രതികൂലമായും ട്രോളുകളും പ്രചരിച്ചു.എന്നാൽ, തന്റെ മേഖല സ്പോർട്‌സാണെന്നും രാഷ്ട്രീയമല്ലെന്നും അഞ്ജു ബോബി ജോർജ് പറഞ്ഞു. ബെംഗളൂരുവിലെ കെങ്കേരിയിലാണ് അഞ്ജു ബോബി ജോർജ് താമസിക്കുന്നത്.
content highlightsL: anju bobby george denies reports of joining bjp