ന്യൂഡല്‍ഹി : കേന്ദ്ര മന്ത്രിസഭയില്‍നിന്ന് ടി.ഡി.പി. മന്ത്രിമാര്‍ രാജിവെക്കുന്നതിനുമുന്‍പ് ആന്ധ്രാപ്രദേശിലെ ചന്ദ്രബാബു നായിഡു സര്‍ക്കാരില്‍നിന്ന് ബി.ജെ.പി.യുടെ രണ്ടു മന്ത്രിമാര്‍ രാജിവെച്ചു. കമനേനി ശ്രീനിവാസ്, പി. മാണിക്യല റാവു എന്നിവരാണ് വ്യാഴാഴ്ച രാവിലെ രാജിനല്‍കിയത്.

സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കാനാവില്ലെന്ന നിലപാടില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിസഭയില്‍നിന്ന് മന്ത്രിമാരെ പിന്‍വലിക്കാന്‍ ടി.ഡി.പി. ബുധനാഴ്ച രാത്രി തീരുമാനിച്ചിരുന്നു. എന്നാല്‍, വ്യാഴാഴ്ച വൈകീട്ടുമാത്രമാണ് വ്യോമയാന മന്ത്രി അശോക് ഗജപതി രാജു, ശാസ്ത്ര-സാങ്കേതിക സഹമന്ത്രി വൈ.എസ്. ചൗധരി എന്നിവര്‍ പ്രധാനമന്ത്രിയെ കണ്ട് രാജിക്കത്ത് നല്‍കിയത്. രാജി ഒഴിവാക്കാന്‍ പ്രധാനമന്ത്രി തന്നെ പാര്‍ട്ടിനേതാവ് ചന്ദ്രബാബു നായിഡുവുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.

പ്രത്യേകപദവി എന്നത് സംസ്ഥാനത്തെ സംബന്ധിച്ച് വൈകാരികമായ വിഷയമാണെന്ന് വൈ.എസ്. ചൗധരി പറഞ്ഞു. പ്രത്യേക പാക്കേജുകൊണ്ടുമാത്രം കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍.ഡി.എ. സഖ്യത്തില്‍ തുടരുമെന്നാണ് രാജിക്കുശേഷം മന്ത്രി അശോക് ഗജപതി രാജു പറഞ്ഞത്. പക്ഷേ, ബി.ജെ.പി.യുമായുള്ള ബന്ധം സ്വാഭാവികമായും തകര്‍ച്ചയിലേക്കാണെന്നാണ് സൂചന. ഘട്ടംഘട്ടമായി എന്‍.ഡി.എ. സഖ്യത്തില്‍നിന്ന് പിന്‍വാങ്ങാനുള്ള നീക്കമാണ് നായിഡുവിന്റേതെന്നാണ് ബി.ജെ.പി. കരുതുന്നത്.

ആന്ധ്രയുടെ പ്രത്യേകപദവി ആവശ്യത്തില്‍ ടി.ഡി.പി.യും കോണ്‍ഗ്രസും ഒരു നിലപാടിലാണ്. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അംഗങ്ങളും ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. ഡല്‍ഹിയിലെ ടി.ഡി.പി.യുടെ പ്രക്ഷോഭവേദിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും എത്തിയിരുന്നു. യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി 13-ന് പ്രതിപക്ഷ നേതാക്കള്‍ക്ക് നല്‍കുന്ന അത്താഴവിരുന്നില്‍ ടി.ഡി.പി. പ്രതിനിധികളും പങ്കെടുക്കുമെന്ന സൂചനയുമുണ്ട്.

ഇതിനെ പ്രതിരോധിക്കാന്‍ ബി.ജെ.പി.യും നീക്കം തുടങ്ങി. ആന്ധ്രാപ്രദേശില്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈ.എസ്.ആര്‍. കോണ്‍ഗ്രസുമായി അടുക്കാനുള്ള ശ്രമം ബി.ജെ.പി. നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.