ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിന് പ്രത്യേകപദവിയും പാക്കേജും ആവശ്യപ്പെട്ട് എന്‍.ഡി.എ.യുടെ ഘടകകക്ഷിയായ തെലുഗുദേശം (ടി.!ഡി.പി.) സമര്‍ദം ശക്തമാക്കുന്നു. കേന്ദ്രമന്ത്രിസഭയില്‍നിന്ന് പാര്‍ട്ടിയുടെ രണ്ടു മന്ത്രിമാരെ പിന്‍വലിക്കുമെന്ന് അവര്‍ ഭീഷണി മുഴക്കി. എന്നാല്‍ പ്രത്യേകപദവി നല്‍കാനാവില്ലെന്നും തുല്യമായ സഹായധനം നല്‍കാമെന്നും കേന്ദ്രം വ്യക്തമാക്കി.

ആന്ധ്രപ്രദേശ് വിഭജനസമയത്ത് അംഗീകരിച്ച നിര്‍ദേശങ്ങളനുസരിച്ച് ആന്ധ്രയ്ക്ക് പ്രത്യേകപദവിയും സാമ്പത്തിക പാക്കേജും വേണമെന്നാവശ്യപ്പെട്ട് ടി.ഡി.പി. സമരരംഗത്താണ്. പാര്‍ലമെന്റില്‍ മൂന്നുദിവസമായി പാര്‍ട്ടിയുടെ എം.പി.മാര്‍ നടപടികള്‍ തടസ്സപ്പെടുത്തി പ്രതിഷേധിക്കുകയാണ്. തീരുമാനം അനുകൂലമല്ലെങ്കില്‍ ടി.ഡി.പി.യുടെ മന്ത്രിമാരായ അശോക് ഗജപതി രാജു, വൈ.എസ്. ചൗധരി എന്നിവരെ രാജിവെപ്പിക്കാനാണ് നീക്കം. ബുധനാഴ്ച ഹൈദരാബാദില്‍ ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിലും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇക്കാര്യം സൂചിപ്പിച്ചു.

സംസ്ഥാനത്തെ രാഷ്ട്രീയ എതിരാളിയായ വൈ.എസ്.ആര്‍. കോണ്‍ഗ്രസിലെ ജഗന്മോഹന്‍ റെഡ്ഡി എന്തു നിലപാടെടുക്കുമെന്ന ആശങ്കയാണ് നായിഡുവിനെ തത്കാലത്തേക്കെങ്കിലും പിന്തിരിപ്പിക്കുന്നത്. ടി.ഡി.പി. സഖ്യം വിട്ടാല്‍ വൈ.എസ്.ആര്‍. കോണ്‍ഗ്രസിനെ ബി.ജെ.പി. ഒപ്പം കൂട്ടുമെന്ന് അദ്ദേഹം ഭയക്കുന്നു. അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ പെട്ടിരിക്കുന്ന ജഗന്മോഹന്‍ റെഡ്ഡിക്കും ബി.ജെ.പി. കൂട്ടുകെട്ടില്‍ താത്പര്യമുണ്ട്.

ടി.ഡി.പി.യെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും ബി.ജെ.പി. നടത്തുന്നുണ്ട്. ആന്ധ്രയ്ക്കു നല്‍കാനുള്ള സാമ്പത്തികസഹായം ഉടന്‍ നല്‍കുമെന്നും അതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണന്നും ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി പറഞ്ഞു. പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. പ്രത്യേകപദവി നല്‍കാനാവില്ലെന്ന് മന്ത്രി ആവര്‍ത്തിച്ചു. 14-ാം ധനകാര്യകമ്മിഷന്റെ ശുപാര്‍ശ നടപ്പാക്കിയ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവിയെന്ന നിലപാട് ഭരണഘടനാപരമല്ല. പ്രത്യേക പദവിക്ക് തുല്യമായ സാമ്പത്തിക സഹായം നല്‍കിക്കൊണ്ടിരിക്കുകയാണ്. അതു തുടരും- മന്ത്രി പറഞ്ഞു.