ബെംഗളൂരു: മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽനടന്ന സ്വാതന്ത്ര്യസമരം നാടകമാണെന്ന ബി.ജെ.പി. നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അനന്തകുമാർ ഹെഗ്‌ഡെ എം.പി.യുടെ പ്രസ്താവന വിവാദത്തിൽ. ബെംഗളൂരുവിൽനടന്ന പൊതുപരിപാടിയിലാണ് രാഷ്ട്രപിതാവിനെയും സ്വാതന്ത്ര്യസമരത്തെയും അധിക്ഷേപിച്ച് അനന്തകുമാർ ഹെഗ്‌ഡെ സംസാരിച്ചത്. ബ്രിട്ടീഷുകാരുടെ സമ്മതത്തോടെയും അനുവാദത്തോടെയും അരങ്ങേറിയ നാടകമാണ് സ്വാതന്ത്ര്യസമരമെന്നുപറഞ്ഞ ഹെഗ്‌ഡെ, ഗാന്ധിജിയെ മഹാത്മാവെന്ന് വിളിക്കുന്നതിനെ ചോദ്യംചെയ്യുകയുംചെയ്തു. ഇതിനുമുമ്പും വിദ്വേഷപ്രസംഗങ്ങളിലൂടെ വിവാദമുണ്ടാക്കിയ നേതാവാണ് അനന്തകുമാർ ഹെഗ്‌ഡെ.

രാജ്യത്തുനടന്ന സ്വാതന്ത്ര്യസമരം സത്യസന്ധമല്ലാത്ത പോരാട്ടമായിരുന്നു. അതൊരു ഒത്തുകളിയായിരുന്നു. ഇവർക്കാർക്കെങ്കിലും പോലീസിന്റെ ലാത്തിയടി കിട്ടിയിട്ടുണ്ടോയെന്നും മഹാത്മാഗാന്ധിയുടെ നിരാഹാരസമരവും സത്യാഗ്രഹവും നാടകമാണെന്നും അദ്ദേഹം ആരോപിച്ചു. മരണംവരെ നിരാഹാരം കിടന്നും സത്യാഗ്രഹം നടത്തിയുമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്ന കോൺഗ്രസിന്റെ വാദത്തെ ജനങ്ങൾ പിന്തുണയ്ക്കുകയാണ്. എന്നാൽ, ഇത് സത്യമല്ല. ബ്രിട്ടീഷുകാർ രാജ്യംവിട്ടത് നിരാശമൂലമാണ്. മഹാത്മാഗാന്ധിയുടെ വധവുമായി ആർ.എസ്.എസിന് ബന്ധമില്ലെന്നും അനന്തുകുമാർ ഹെഗ്‌ഡെ പറഞ്ഞു.

അനന്തകുമാറിന്റെ പ്രസ്താവനയെ കോൺഗ്രസ് രൂക്ഷമായി വിമർശിച്ചു. രാഷ്ട്രീയക്കാരനാവാനും ജനപ്രതിനിധിയാകാനും അനന്തകുമാറിന് യോഗ്യതയില്ലെന്നും അദ്ദേഹത്തിന് മാനസികനില തെറ്റിയിരിക്കുകയാണെന്നും കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയെ പ്രീതിപ്പെടുത്താനുള്ള ശ്രമമാണെന്നും വാർത്താപ്രാധാന്യമാണ് ലക്ഷ്യമെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഖാർഗെ പറഞ്ഞു. അനന്തകുമാർ ഹെഗ്‌ഡെയെ മാനസികാരോഗ്യകേന്ദ്രത്തിലാക്കണമെന്ന് കോൺഗ്രസ് സംസ്ഥാനവക്താവ് വി.എസ്. ഉഗ്രപ്പ ആവശ്യപ്പെട്ടു

അനന്തകുമാർ ഹെഗ്‌ഡെയെ തള്ളി ബി.ജെ.പി.യും രംഗത്തെത്തി. പ്രസ്താവന അംഗീകരിക്കുന്നില്ലെന്നും പാർട്ടിയും ആർ.എസ്.എസും മഹാത്മാഗാന്ധിയെ വലിയ ബഹുമാനത്തോടെയാണ് കാണുന്നതെന്നും ബി.ജെ.പി. വക്താവ് ജി. മധുസുദൻ പറഞ്ഞു. ഇത്തരം വിലകുറഞ്ഞ പ്രസ്താവനകളെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.