ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയെ വീണ്ടും വ്യക്തിപരമായി അധിക്ഷേപിച്ച് കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ അനന്ത്കുമാർ ഹെഗ്‌ഡെ.

മുസ്‌ലിമിനും ക്രിസ്ത്യാനിക്കും ജനിച്ച വിദേശിയാണ് രാഹുൽഗാന്ധി എന്നാണ് അദ്ദേഹം പരിഹസിച്ചത്. ഉത്തരകന്നഡയിൽ തിരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു വിവാദ പരാമർശം. ‘‘ലോകം മുഴുവൻ നമ്മുടെ പട്ടാളക്കാരെ പുകഴ്ത്തുമ്പോൾ രാഹുൽഗാന്ധി ആക്രമണത്തിന്റെ തെളിവ് ആവശ്യപ്പെടുകയാണ്. മുസ്‌ലിമിന് ജനിച്ചയാൾ ഗാന്ധി എന്നപേരിൽ എങ്ങനെയാണ് ബ്രാഹ്മണനാവുന്നത്. മുസ്‌ലിമിനും ക്രിസ്ത്യാനിക്കും ജനിച്ച വിദേശിയാണ് ഇയാൾ. പിന്നെങ്ങനെ ബ്രാഹ്മണനാകും. ഡി.എൻ.എ. തെളിവ് കാണിക്കാൻ രാഹുലിന് സാധിക്കുമോ’’ -എന്നായിരുന്നു അനന്തകുമാറിന്റെ ചോദ്യം.

നിരന്തരം വിവാദപ്രസ്താവനകൾ നടത്താറുള്ള അനന്ത്കുമാർ ഹെഗ്‌ഡെ കഴിഞ്ഞ ജനുവരിയിലും സമാനപരാമർശം നടത്തിയിരുന്നു. രാഹുൽഗാന്ധിക്ക് സ്വന്തം മതത്തെപ്പറ്റി ഒരു സൂചനയുമില്ലെന്നും ഹെഗ്‌ഡെ പറഞ്ഞിരുന്നു.

content highlights: Anant Kumar Hegde questions Rahul Gandhi’s roots