ന്യൂഡൽഹി: നടപ്പു സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ മൂലധനച്ചെലവുമായി ബന്ധപ്പെട്ട ലക്ഷ്യം കൈവരിച്ച കേരളമടക്കമുള്ള 11 സംസ്ഥാനങ്ങൾക്ക് അധികവായ്പ എടുക്കാൻ ധനമന്ത്രാലയം അനുമതി നൽകി. കേരളത്തിന് 2,255 കോടി രൂപ വായ്പയായി സമാഹരിക്കാം. ആന്ധ്രപ്രദേശ്, ബിഹാർ, ഛത്തീസ്ഗഢ്, ഹരിയാണ, മധ്യപ്രദേശ്, മണിപ്പൂർ, മേഘാലയ, നാഗാലാൻഡ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവയാണ് മറ്റു സംസ്ഥാനങ്ങൾ. ഇവയ്ക്കെല്ലാംകൂടി 15,721 കോടി രൂപയുടെ ധനസമാഹരണം നടത്താം.

കേന്ദ്രം നിശ്ചയിച്ച മൂലധനലക്ഷ്യം കൈവരിക്കാൻ സംസ്ഥാനങ്ങൾക്ക് സാധിച്ചോയെന്ന് ഓരോ മൂന്നുമാസത്തിലുമാണ് വിലയിരുത്തുക. നിശ്ചയിച്ച ലക്ഷ്യത്തിന്റെ 15 ശതമാനം സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിലും 45 ശതമാനം രണ്ടാംപാദത്തിലും 70 ശതമാനം മൂന്നാം പാദത്തിലും കൈവരിക്കണം. ഭാവിയിൽ ഉത്പാദനശേഷി വർധിപ്പിക്കുകയും സാമ്പത്തിക വളർച്ചയ്ക്ക് ആക്കംകൂട്ടുകയും ചെയ്യുന്നതാണ് മൂലധനച്ചെലവ്. സമ്പദ്‌വ്യവസ്ഥയിൽ അനേകയിരട്ടി ഫലങ്ങൾ ഉളവാക്കാൻ മൂലധനച്ചെലവിന് സാധിക്കും.