മുംബൈ: കോവിഡ് വാർഡിലെ ഏകാന്തത മറികടക്കാൻ തണുത്ത ഇരുട്ടിൽ തനിച്ചിരുന്ന് പാട്ടുപാടുകയാണ് താനെന്ന് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ. മനുഷ്യരുടെ മുഖംകാണാതെ ആഴ്ചകൾ താണ്ടേണ്ടി വരുന്നത് കോവിഡ് രോഗികളുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നെന്ന് ചൂണ്ടിക്കാണിക്കാനാണ് അദ്ദേഹം ബ്ലോഗിൽ സ്വന്തം അനുഭവം കുറിച്ചത്.

ആശുപത്രിയിൽ ഏകാന്തതയിൽ കഴിയേണ്ടിവരുന്ന കോവിഡ് രോഗിക്ക് ആഴ്ചകളോളം മറ്റൊരു മനുഷ്യന്റെ മുഖം കാണാനാവില്ലെന്ന കടുത്ത യാഥാർഥ്യം അയാളുടെ മനോനിലയെ ബാധിക്കുന്നുണ്ട്. ചികിത്സ നിർദേശിക്കാനും മരുന്നു നൽകാനും ഡോക്ടർമാരും നഴ്‌സുമാരും വരുന്നുണ്ട്. പി.പി.ഇ. കിറ്റിന്റെ വെള്ള നിറമണിഞ്ഞുവരുന്ന അവരുടെ രൂപമെന്താണെന്നുപോലും നമുക്കറിയില്ല.

യന്ത്രമനുഷ്യരെപ്പോലെ എത്തുന്ന അവർ, കൂടുതൽ നേരം തങ്ങിനിൽക്കുന്നത് അപകടമാണെന്നതുകൊണ്ട് എത്രയും പെട്ടെന്ന് കടമ നിർവഹിച്ച് മടങ്ങുന്നു. അരികിൽ ആരുമില്ലാതെ, ഒന്നും സംഭവിക്കാതെയിരിക്കുമ്പോൾ കണ്ണടച്ച് ഉറങ്ങാൻ ശ്രമിക്കും. രാത്രിയുടെ ഇരുട്ടിൽ, മുറിയുടെ കുളിരിൽ ഞാൻ പാട്ടുപാടും - ബച്ചൻ എഴുതുന്നു.

കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ജൂലായ് 11 മുതൽ മുംബൈ നാനാവതി ആശുപത്രിയിലാണ് ബച്ചൻ. മകൻ അഭിഷേക് ബച്ചനും മകന്റെ ഭാര്യ ഐശ്വര്യ റായിയും കൊച്ചുമകൾ ആരാധ്യയും ചികിത്സയിലാണ്. കോവിഡിനുമുമ്പ് തന്റെ വീടിനുമുന്നിൽ കൈയുയർത്തി തടിച്ചുകൂടിയിരുന്ന ആരാധകരുടെ ചിത്രം കഴിഞ്ഞദിവസം ബച്ചൻ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. സ്നേഹവും പിന്തുണയുമറിയിച്ച് നിങ്ങൾ ഉയർത്തിപ്പിടിച്ച ഈ കൈകളാണ് എന്റെ കരുത്തെന്നും അതു മാഞ്ഞുപോകാൻ അനുവദിക്കില്ലെന്നും അടിക്കുറിപ്പായി എഴുതുകയും ചെയ്തു. ബച്ചൻ കുടുംബത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ നാലു ബംഗ്ലാവുകൾ മുംബൈ നഗരസഭ മുദ്രവെച്ചിരുന്നു. അവയ്ക്കുമുന്നിൽ കണ്ടെയ്ൻമെന്റ് സോൺ എന്ന് ബോർഡ് വെക്കുകയും ചെയ്തിരുന്നു. പതിനാലു ദിവസത്തിനു ശേഷം ഞായറാഴ്ച ആ ബോർഡ് എടുത്തുമാറ്റി.

content highlights: amitabh bachhan says he sings in isolation ward