ന്യൂഡൽഹി: അരനൂറ്റാണ്ടായി ബോളിവുഡിൽ തിളങ്ങിനിൽക്കുന്ന നടൻ അമിതാഭ് ബച്ചന് ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം. സിനിമാരംഗത്തെ സമഗ്രസംഭാവന കണക്കിലെടുത്താണ് ബഹുമതിയെന്ന് വാർത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കർ ട്വിറ്ററിലൂടെ അറിയിച്ചു.

രണ്ടുതലമുറയെ ആനന്ദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ബച്ചനെ പുരസ്കാരത്തിന് ഏകകണ്ഠമായാണ് തിരഞ്ഞെടുത്തതെന്ന് മന്ത്രി ട്വിറ്ററിൽ കുറിച്ചു. ക്ഷുഭിതയൗവനത്തിന്റെ പ്രതീകമായി വെള്ളിത്തിരയിൽ നിറഞ്ഞ ബച്ചൻ 76-ാം വയസ്സിലും ബോളിവുഡിൽ സജീവമാണ്. 1969-ൽ ‘സാത് ഹിന്ദുസ്ഥാനി’യിൽ വേഷമിട്ടുകൊണ്ടായിരുന്നു ബിഗ് ബിയുടെ സിനിമാ അരങ്ങേറ്റം. 1973-ൽ നായകനായ ‘സഞ്ജീർ’ സിനിമാജീവിതത്തിലെ നാഴികക്കല്ലായി.

അഞ്ചുപതിറ്റാണ്ടു പിന്നിട്ട സിനിമാജീവിതത്തിൽ നാലുതവണ ദേശീയപുരസ്കാരം നേടി. രാജ്യം പദ്മശ്രീയും പദ്മഭൂഷണും പദ്മവിഭൂഷണും നൽകി ആദരിച്ചു. ഫ്രഞ്ച് പരമോന്നത ബഹുമതിയായ ലീജിയൺ ഓഫ് ഓണർ 2007-ൽ ബച്ചനെ തേടിയെത്തി.

പ്രശസ്ത ഹിന്ദികവി ഡോ. ഹരിവംശറായ് ബച്ചന്റെയും തേജിയുടെയും മകനാണ്. നടി ജയഭാദുരിയാണ് ഭാര്യ. മക്കൾ: ശ്വേതനന്ദ, നടൻ അഭിഷേക് ബച്ചൻ. നടി ഐശ്വര്യ റായിയാണ് മരുമകൾ.