ന്യൂഡൽഹി: കേരളമുൾപ്പെടെ നക്സൽ സാന്നിധ്യമുള്ള 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച കൂടിക്കാഴ്ച നടത്തും. ദിവസം മുഴുവൻ നീളുന്ന നേരിട്ടുള്ള കൂടിക്കാഴ്ചയിലേക്ക് ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ഒഡിഷ, ബിഹാർ, പശ്ചിമബംഗാൾ, തെലങ്കാന, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാന മുഖ്യമന്ത്രിമാർക്കും ക്ഷണമുണ്ട്.

മാവോവാദികളുയർത്തുന്ന സുരക്ഷാപ്രശ്നങ്ങളും സായുധസേനയുടെ പ്രതിരോധപ്രവർത്തനങ്ങളും ഉൾപ്പെടെയുള്ളവ ചർച്ചയാവുമെന്ന് ആഭ്യന്തരമന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.

നക്സൽബാധിത പ്രദേശങ്ങളിലെ അടിസ്ഥാനസൗകര്യ വികസനവും ആഭ്യന്തരമന്ത്രി വിലയിരുത്തും. മാവോവാദികളുടെ സജീവപ്രവർത്തനം ഇപ്പോൾ വളരെ കുറഞ്ഞതായും രാജ്യത്തെ 45 ജില്ലകളിലേക്ക് ചുരുങ്ങിയതായുമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തൽ. 2019-ൽ ഇത് 61 ജില്ലകളിലായിരുന്നു. അതേസമയം, 90 ജില്ലകളിൽ ഇപ്പോഴും ഇടതുതീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്നാണ് കണക്ക്. 2015 മുതൽ 2020 വരെയുള്ള കാലത്ത് 380 സുരക്ഷാ ജീവനക്കാരും 1000 സാധാരണക്കാരും 900 മാവോവാദികളുമാണ് മാവോവാദികളുടെ ആക്രമണങ്ങളിലും ഏറ്റുമുട്ടലിലും കൊല്ലപ്പെട്ടത്. 4200 മാവോവാദികൾ ഈ കാലയളവിൽ കീഴടങ്ങി.