ശ്രീനഗർ: മൂന്നുദിവസത്തെ ജമ്മുകശ്മീർ സന്ദർശനത്തിന്റെ അവസാന ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞത് പുൽവാമ സി.ആർ.പി.എഫ്. ക്യാമ്പിലെ സൈനികർക്കൊപ്പം. ത്രിദിന സന്ദർശനം ഒരുദിവസത്തേക്കുകൂടി നീട്ടിയാണ് അദ്ദേഹം തിങ്കളാഴ്ച വൈകീട്ട് ക്യാമ്പിലെത്തിയത്.

2019 ഫെബ്രുവരിയിൽ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച 40 സി.ആർ.പി.എഫ്. ജവാൻമാർക്ക് രക്തസാക്ഷി സ്മാരകത്തിൽ അദ്ദേഹം ആദരാഞ്ജലികളർപ്പിച്ചു. രക്തസാക്ഷികളുടെ സ്മരണയ്ക്കായി വൃക്ഷത്തൈയും നട്ടു.

‘രാജ്യത്തിന്റെ സുരക്ഷയ്ക്കായി നിങ്ങൾ നടത്തിയ പരമോന്നത ത്യാഗം ഭീകരവാദത്തെ വേരോടെ പിഴുതെറിയാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം ശക്തമാക്കുന്നു. രക്തസാക്ഷികൾക്ക് എന്റെ ആദരാഞ്ജലികൾ.’ സന്ദർശനത്തിനുശേഷം അദ്ദേഹം ട്വീറ്റ് ചെയ്തു. തുടർന്ന് രാത്രി പുൽവാമയിലെ ലെത്പോറയിലെത്തിയ അദ്ദേഹം സൈനികർക്കൊപ്പം അത്താഴം കഴിച്ച് അവിടെ തങ്ങി.

പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്തതുപോലെ സമാധാനപരമായ ജമ്മു കശ്മീർ സാക്ഷാത്കരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. കശ്മീരിലെ ക്രമസമാധാന നില വളരെ മെച്ചപ്പെട്ടെന്നും കൂട്ടിച്ചേർത്തു.

2019 ഓഗസ്റ്റിൽ പ്രത്യേകപദവി റദ്ദാക്കിയതിനുശേഷം കശ്മീരിൽ രക്തച്ചൊരിച്ചിൽ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയ സി.ആർ.പി.എഫിനോടും മറ്റ് സുരക്ഷാ സേനകളോടും അദ്ദേഹം നന്ദി അറിയിച്ചു. 370-ാം അനുച്ഛേദം റദ്ദാക്കലിനെ ജമ്മു കശ്മീരിലെ ജനങ്ങൾ അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു‌. പുൽവാമയിൽ 2000 കോടി രൂപയുടെ മെഡിക്കൽ കോളേജ് നിർമിക്കുമെന്നും അമിത് ഷാ അറിയിച്ചു.

Content Highlights: Amit Shah spends night at CRPF camp in Pulwama, pays tribute to jawans killed in 2019 terror attack