ന്യൂഡൽഹി: മഹാരാഷ്ട്രയിൽ എൻ.സി.പി.-ശിവസേന ചേരിപ്പോര് രൂക്ഷമാവുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എൻ.സി.പി. നേതാവ് ശരദ് പവാറും ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലുമായി കൂടിക്കാഴ്ച നടത്തിയെന്ന് അഭ്യൂഹം. കഴിഞ്ഞദിവസം അഹമ്മദാബാദിലെ ഫാം ഹൗസി ലായിരുന്നു കൂടിക്കാഴ്ചയെന്നാണ് വാർത്ത. വാർത്ത എൻ.സി.പി. വക്താവ് നവാബ് മാലിക് നിഷേധിച്ചെങ്കിലും എല്ലാകാര്യവും വെളിപ്പെടുത്താനാവില്ലെന്നായിരുന്നു അമിത് ഷാ മാധ്യമങ്ങളോടു പറഞ്ഞത്.

ശിവസേനയും കോൺഗ്രസുമായി ചേർന്നുള്ള മഹാരാഷ്ട്രാ സർക്കാരിനെ വീഴ്ത്തി ബി.ജെ.പി.യുമായി ചേർന്ന് സർക്കാരുണ്ടാക്കാനുള്ള നീക്കമാണോ എൻ.സി.പി. നടത്തുന്നതെന്നാണ് സംശയം. കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും എന്നാൽ ഇപ്പോൾ പരസ്യ പ്രതികരണത്തിന് ഇല്ലെന്നും ഉന്നത കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.

എൻ.സി.പി. നേതാവും ആഭ്യന്തരമന്ത്രിയുമായ അനിൽ ദേശ്‌മുഖിനെതിരേ മുംബൈയിലെ മുൻ പോലീസ് കമ്മിഷണർ പരംബീർ സിങ് അഴിമതി ആരോപണം ഉന്നയിച്ചതാണ് ശിവസേന-എൻ.സി.പി. വഴക്കിലെത്തിയത്. ആരോപണത്തിനുപിന്നിൽ ശിവസേനയാണെന്നാണ് എൻ.സി.പി. സംശയിക്കുന്നത്. പരംബീർ സിങ്ങിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ദേശ്‌മുഖ് രാജിവെക്കണമെന്ന് ശിവസേന ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, മന്ത്രിയെ മാറ്റാനാവില്ലെന്ന് ശരദ് പവാർ ഉറച്ച നിലപാടെടുത്തു. ഇതോടെ നിലപാട് കടുപ്പിച്ച ശിവസേന ഞായറാഴ്ച പാർട്ടി പത്രമായ സാംനയിൽ അനിൽ ദേശ്‌മുഖിനെ വിമർശിച്ച് മുഖപ്രസംഗം എഴുതി. ആകസ്മികമായെത്തിയ ആഭ്യന്തരമന്ത്രി എന്നാണ് ദേശ്‌മുഖിനെ വിശേഷിപ്പിച്ചത്. മന്ത്രിപദവിക്ക് മാന്യതയും അന്തസ്സുമുണ്ടെന്നും ആ പദവിയിലിരിക്കുന്നവർക്ക് ചുറ്റും സംശയാസ്പദ വ്യക്തികൾ കറങ്ങി നടക്കാൻ പാടില്ലെന്നും പത്രം വിമർശിച്ചു. അംബാനിയുടെ വീടിനു മുന്നിൽ സ്ഫോടകവസ്തു വെച്ചതുമായി ബന്ധപ്പെട്ട പോലീസ് ഓഫീസർ സച്ചിൻ വാസ് ഭീഷണിപ്പെടുത്തി പണംപിരിക്കുന്ന സംഘത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നത് ആഭ്യന്തരമന്ത്രി എന്തുകൊണ്ടാണ് അറിയാത്തതെന്നുമുള്ള വിമർശനം പവാറിനെ ക്ഷുഭിതനാക്കിയതായാണ് എൻ.സി.പി. കേന്ദ്രങ്ങൾ പറയുന്നത്.

content highlights: amit shah meets sharad pawar and praful patel