കൊൽക്കത്ത: 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അണികളുടെ പോരാട്ടവീര്യം ഉയർത്താനും തർക്കങ്ങൾ പറഞ്ഞു തീർക്കാനുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാളിലെത്തി. രണ്ടുദിവസത്തെ പരിപാടികളാണ് ഷായ്ക്ക് സംസ്ഥാനത്തുള്ളത്.
തിരഞ്ഞെടുപ്പിനു മുമ്പ് പൗരത്വനിയമ ഭേദഗതി നടപ്പാക്കുമെന്ന് ബംഗാളിന്റെ ചുമതലയുള്ള ദേശീയനേതാവ് കൈലാസ് വിജയ വർഗീയ സൂചന നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച് അമിത് ഷാ എന്തെങ്കിലും പ്രഖ്യാപനം നടത്തുമോ എന്നത് ഏവരും ഉറ്റുനോക്കുന്നുണ്ട്. ബംഗ്ളാദേശ് അതിർത്തിയിലെ ജില്ലകളിൽ താമസിക്കുന്ന മത്തുവ സമുദായത്തിന്റെ വോട്ട് ബി.ജെ.പി. ലക്ഷ്യമിടുന്നുണ്ട്. പൗരത്വ സംബന്ധിയായ ഒട്ടേറെ ആവലാതികളുള്ള ഇവരെ തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങൾ ഷാ നടത്താനിടയുണ്ട്.
ആദിവാസിമേഖലയായ ജംഗൽ മഹലിലെ സ്വാധീനം ഉറപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാനത്ത് തങ്ങുന്ന ദിവസങ്ങളിൽ മത്തുവ, ആദിവാസി കുടുംബങ്ങളോടൊപ്പമാണ് ഷാ ഉച്ചഭക്ഷണം കഴിക്കുക.
സംസ്ഥാന ബി.ജെ.പി.യിൽ വർധിച്ചുവരുന്ന ദിലീപ് ഘോഷ്-മുകുൾ റോയ് പോര് പറഞ്ഞുതീർക്കാനും അദ്ദേഹം സമയം കണ്ടെത്തും. സംസ്ഥാനാധ്യക്ഷനായ ഘോഷിന്റെ അടുപ്പക്കാരനായിരുന്ന സംഘടനാ ജനറൽ സെക്രട്ടറി സുബ്രത ചാറ്റർജിയെ നീക്കി റോയിയോട് അടുപ്പമുള്ള അമിതാഭ് ചക്രവർത്തിയെ നിയമിച്ചത് ഘോഷ് പക്ഷത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
content highlights: amit shah in west bengal