ന്യൂഡൽഹി: സ്വാതന്ത്ര്യസമരം യഥാർഥത്തിൽ ഇന്ത്യയുടേതാക്കി മാറ്റിയത് ലോകമാന്യ ബാലഗംഗാധര തിലകനാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബാലഗംഗാധരതിലകന്റെ നൂറാം ചരമവാർഷികദിനമായ ശനിയാഴ്ച ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിലേഷൻസ് (ഐ.സി.സി.ആർ.) സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കയായിരുന്നു അദ്ദേഹം.
‘സ്വരാജ്യം എന്റെ ജന്മാവകാശമാണ്, അതു ഞാൻ നേടിയെടുക്കുകതന്നെ ചെയ്യും’ എന്ന മുദ്രാവാക്യം അദ്ദേഹം നൽകി. അതൊരു സാധാരണവാചകമല്ല. ഇത് സ്വാതന്ത്ര്യസമരത്തിന് അടിസ്ഥാനപരമായ മാറ്റമുണ്ടാക്കി. കോൺഗ്രസ് തുടങ്ങിവെച്ച സമരത്തെ ഇത് ജനകീയസമരമാക്കി’ -അമിത് ഷാ പറഞ്ഞു. സ്വാതന്ത്ര്യസമരം നയിക്കുന്നതിനൊപ്പംതന്നെ തിലകൻ പശുക്കളെ കശാപ്പുചെയ്യുന്നതിനെതിരേയും സമരംചെയ്തതായി ഷാ പറഞ്ഞു. കേസരി പത്രം പ്രസിദ്ധീകരിച്ചു. സ്ത്രീകളുടെ ഉന്നമനത്തിനായി പൊരുതി. ശിവജയന്തിയും ഗണപതി ഉത്സവങ്ങളും ജനകീയമാക്കിയ അദ്ദേഹംതന്നെയാണ് ശിവജി മഹാരാജാവിന്റെ മൂല്യങ്ങൾ ജനങ്ങളിലെത്തിച്ചത്. മഹാത്മാഗാന്ധിയുടെയും വീരസവർക്കറിന്റെയും മദൻമോഹൻ മാളവ്യയുടെയും ചിന്തകൾ വായിക്കുന്നവർക്ക് തിലകന്റെ വൻ ബഹുജനസ്വാധീനം വ്യക്തമാവുമെന്നും ഷാ അഭിപ്രായപ്പെട്ടു.
പ്രചോദിപ്പിക്കുന്ന ഓർമ -മോദി
ബാലഗംഗാധരതിലകന്റെ നൂറാം ചരമവാർഷികദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന് സ്മരണാഞ്ജലിയർപ്പിച്ചു. ‘രാജ്യം ലോകമാന്യ തിലകനെ വണങ്ങുന്നു. അദ്ദേഹത്തിന്റെ ബുദ്ധിയും ധൈര്യവും നീതിബോധവും സ്വരാജ് എന്ന ആശയവും പ്രചോദിപ്പിപ്പിച്ചുകൊണ്ടിരിക്കുന്നു’- മോദി ട്വീറ്റ് ചെയ്തു.
Content Highlights: Amit Shah Home Minister