ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ 52 പേർ മരിച്ചെന്നും 526 പേർക്കു പരിക്കേറ്റെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ. കലാപത്തിനിരയായവരുടെ കണക്ക് ഹിന്ദു, മുസ്‌ലിം എന്നു വേര്‍തിരിച്ചു പറയാനാവില്ലെന്നും അതു നാണക്കേടാണെന്നും ഡൽഹി കലാപത്തെക്കുറിച്ചുള്ള ചർച്ചയ്ക്കു മറുപടിനൽകവേ അദ്ദേഹം പറഞ്ഞു. ഹിന്ദു, മുസ്‌ലിം എന്നു തിരിച്ചു കണക്കുനല്‍കണമെന്ന ചില പ്രതിപക്ഷാംഗങ്ങളുടെ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.

കലാപത്തില്‍ 326 പേരുടെ വീടുകളും 142 പേരുടെ സ്വത്തുക്കളും നശിച്ചു. 152 ആയുധങ്ങള്‍ പിടിച്ചെടുത്തു. ആയുധച്ചട്ടപ്രകാരം 49 കേസുകളെടുത്തു. 2647 പേരെ അറസ്റ്റുചെയ്തു. ഫെബ്രുവരി 25-ന്‌ വൈകീട്ട് 11-നുശേഷം ഒരു പ്രശ്നവുമുണ്ടാകാതിരുന്നത് പോലീസിന്റെ മികവുകൊണ്ടാണ്.

കലാപം 36 മണിക്കൂര്‍കൊണ്ട്‌ നിയന്ത്രിച്ചത് പോലീസിന്റെ മികവാണെന്നും അവരെ അഭിനന്ദിക്കുന്നെന്നും ആമുഖമായി ഷാ പറഞ്ഞു. സാമൂഹികമാധ്യങ്ങളെ കലാപത്തിനു വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. കഴിഞ്ഞമാസം 22 മുതല്‍ 26 വരെ 60 അക്കൗണ്ടുകള്‍ തുറന്ന് കലാപത്തിനുള്ള പ്രേരണനല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകള്‍ 26-നുശേഷം പ്രവര്‍ത്തിച്ചിട്ടില്ല. അവയുടെ ഉടമകളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. കലാപത്തിനു ധനസഹായം നൽകിയ മൂന്നുപേരെ അറസ്റ്റുചെയ്തു. മൂന്നു പ്രത്യേകാന്വേഷണസംഘങ്ങൾ കലാപം അന്വേഷിക്കുന്നുണ്ട്. ജുഡീഷ്യല്‍ അന്വേഷണത്തിനും നിര്‍ദേശിച്ചിട്ടുണ്ട്.

കലാപസമയത്തുടനീളം ഡല്‍ഹി പോലീസുമായി സ്ഥിതിഗതികള്‍ അവലോകനം ചെയ്തിരുന്നു. അമേരിക്കന്‍ പ്രസിഡൻ‍റിന്റെ സന്ദര്‍ശനം ഗുജറാത്തില്‍ തന്റെ മണ്ഡലത്തിലായിരുന്നതിനാലാണ് അതില്‍ പങ്കെടുത്തത്. അന്നു വൈകീട്ട് ആറിനുതന്നെ ഡല്‍ഹിയില്‍ തിരിച്ചെത്തി. രാഷ്ട്രപതിയുടെ അത്താഴവിരുന്നിലോ ട്രംപിന്റെ തുടര്‍ന്നുള്ള പരിപാടികളിലോ പങ്കെടുത്തിട്ടില്ല. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ കലാപസ്ഥലത്തേക്കയച്ചത് താനായിരുന്നെന്നും ഷാ പറഞ്ഞു.

പൗരത്വനിയമം രാജ്യത്തെ ഏതെങ്കിലും പൗരനെ ബാധിക്കുകയോ ആര്‍ക്കെങ്കിലും പൗരത്വം നഷ്ടപ്പെടുകയോ ചെയ്യില്ലെന്ന് മന്ത്രി ആവര്‍ത്തിച്ചു. പൗരത്വനിയമത്തിന്റെ പേരില്‍ തെറ്റിദ്ധാരണയുണ്ടാക്കാനാണ്‌ ശ്രമിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനുമുമ്പും രാജ്യത്ത്‌ നിയമനിര്‍മാണം നടന്നിട്ടുണ്ട്. 25 നിയമങ്ങള്‍ ഇത്തരത്തില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റ് മുന്‍കാലങ്ങളില്‍ പാസാക്കിയിട്ടുണ്ട്.

രാജ്യത്തുനടന്ന കലാപങ്ങളില്‍ 75 ശതമാനവും കോണ്‍ഗ്രസ് ഭരണകാലത്താണുണ്ടായതെന്ന് ഷാ കുറ്റപ്പെടുത്തി. 1984-ല്‍ ഡല്‍ഹിയില്‍ ആയിരക്കണക്കിനു സിഖുകാരെ കൂട്ടക്കൊലയ്ക്കിരയാക്കിയിട്ട്‌ നടപടിപോലുമുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

Content Highlights: Amit Shah Delhi riots