ന്യൂഡൽഹി: ഒരുസംഘം സായുധകലാപകാരികൾ നാഗാലാൻഡിലെ മൊൺ ജില്ലയിലെ ഒടിങ്‌ ഗ്രാമത്തിൽ ഒരു വാഹനത്തിൽ നീങ്ങുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തിരച്ചിൽ നടത്തിയതെന്ന് അമിത് ഷാ പാർലമെന്റിൽ പ്രസ്താവനയിൽ പറഞ്ഞു. തിരച്ചിലിനിടയിൽ അതുവഴി ഒരു വാഹനം കടന്നുവന്നു. വണ്ടി നിർത്താൻ ആവശ്യപ്പെട്ടപ്പോൾ അവർ വേഗംകൂട്ടി പാഞ്ഞു. സായുധകലാപകാരികളാണ് വാഹനത്തിലെന്ന് സംശയിച്ച് സൈന്യം ഉടൻ വെടിവെച്ചു. ആറുപേർ തത്‌ക്ഷണം മരിച്ചു. രണ്ടുപേർക്കു പരിക്കേറ്റു. പരിക്കേറ്റവരെ സേനതന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു.

വിവരമറിഞ്ഞെത്തിയ നാട്ടുകാർ കരസേനയുടെ യൂണിറ്റ് വളയുകയും രണ്ടു സേനാവാഹനങ്ങൾക്ക് തീവെക്കുകയും സൈനികരെ ആക്രമിക്കുകയും ചെയ്തു. ഈ ആക്രമണത്തിൽ ഒരു സൈനികൻ മരിച്ചു. തുടർന്ന് നടത്തിയ വെടിവെപ്പിൽ ഏഴ് ഗ്രാമീണർ കൊല്ലപ്പെട്ടു. സ്വയരക്ഷയ്ക്കും ജനക്കൂട്ടത്തെ പിരിച്ചുവിടാനുമാണ് സുരക്ഷാസേന വെടിവെച്ചതെന്ന് ഷാ പറഞ്ഞു.

ഈ സംഭവങ്ങൾക്കുശേഷം ഞായറാഴ്ച വൈകീട്ട് ഇരുനൂറ്റമ്പതോളം പേർ മൊൺ പ്രദേശത്തെ അസം റൈഫിൾസിന്റെ ബേസ് ക്യാമ്പ് ആക്രമിച്ചു. കെട്ടിടത്തിന് തീയിട്ടു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ അസം റൈഫിൾസ് വെടിവെച്ചു. ഇതിലും ഒരാൾ കൊല്ലപ്പെട്ടു.