ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് ഭരണഘടനയിൽ പ്രത്യേകപദവി നൽകിയിരുന്ന അനുച്ഛേദം 370, 35 എ എന്നിവയിലെ വ്യവസ്ഥകൾ റദ്ദാക്കിയതിലൂടെ ജമ്മുകശ്മീരിലേക്കുള്ള ഭീകരതയുടെ വാതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടച്ചതായി ആഭ്യന്തരമന്ത്രി അമിത് ഷാ.

രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ജമ്മുകശ്മീരിനെ സംയോജിപ്പിക്കാനുള്ള സര്‍ദാര്‍ വല്ലഭ്‌ഭായ് പട്ടേലിന്റെ പൂവണിയാത്ത സ്വപ്നം നിറവേറ്റിയതായും അദ്ദേഹം അവകാശപ്പെട്ടു. പട്ടേലിന്റെ 144-ാം ജന്മദിനത്തില്‍ ‘ഏകതാ ഓട്ടം’ ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു ഷാ.

‘‘ഇന്ത്യ സ്വതന്ത്രമാവുമ്പോള്‍ 550-ലധികം നാട്ടുരാജ്യങ്ങളുണ്ടായിരുന്നു. എല്ലാവരും കരുതിയത് രാജ്യം വിഘടിച്ചുതന്നെ നില്‍ക്കുമെന്നാണ്. ആ സമയത്ത് മഹാത്മാഗാന്ധി നാട്ടുരാജ്യങ്ങളെ ലയിപ്പിക്കുന്നതിനുള്ള ചുമതല സര്‍ദാര്‍ പട്ടേലില്‍ വിശ്വാസമര്‍പ്പിച്ചു നല്‍കി. അതദ്ദേഹം മികവോടെ പൂര്‍ത്തിയാക്കി. ബാക്കിയായത് ജമ്മുകശ്മീരിന്റെ ലയനം മാത്രമാണ്. അനുച്ഛേദം 370-ഉം 35 എ-യും ആയിരുന്നു ഇതിനുള്ള തടസ്സം. ആരും ഈ വിഷയം കൈകാര്യം ചെയ്തില്ല. ഓഗസ്റ്റ് അഞ്ചിന് ജമ്മുകശ്മീര്‍ ഇന്ത്യയോട് ലയിപ്പിച്ചതോടെ അദ്ദേഹത്തിന്റെ സ്വപ്നം സഫലമാക്കപ്പെട്ടു’’ -അമിത് ഷാ പറഞ്ഞു. പ്രത്യേക പദവികള്‍ എടുത്തുകളയാനുള്ള തീരുമാനമെടുത്തത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍വിജയം ലഭിച്ചതോടെയാണെന്നും ഷാ കൂട്ടിച്ചേര്‍ത്തു.