ബെംഗളൂരു: അനധികൃത ഖനനക്കേസില്‍ ജയിലില്‍ കഴിയുന്ന ജനാര്‍ദനറെഡ്ഡിയും അനുയായികളും പങ്കെടുക്കുന്ന തിരഞ്ഞെടുപ്പുറാലി ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ ഒഴിവാക്കി.

ബല്ലാരിയില്‍ വെള്ളിയാഴ്ച നടക്കാനിരുന്ന റാലിയാണ് ഒഴിവാക്കിയത്. ജനാര്‍ദനറെഡ്ഡിയുടെ സഹോദരങ്ങള്‍ക്കും അനുയായികള്‍ക്കും സീറ്റ് നല്‍കിയതില്‍ വ്യാപകപ്രതിഷേധമുണ്ട്. റെഡ്ഡി അനുയായികളുമായി വേദി പങ്കിടുന്നത് ദേശീയതലത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് കണ്ടാണ് റാലിയും റോഡ്‌ഷോയും ഭാരവാഹികളുടെ യോഗവും മാറ്റിയത്.

ബല്ലാരി സിറ്റിയില്‍ ജനാര്‍ദനറെഡ്ഡിയുടെ സഹോദരന്‍ സോമശേഖര റെഡ്ഡിയാണ് സ്ഥാനാര്‍ഥി. ചിത്രദുര്‍ഗയിലെ മൊളകല്‍മുരുവിലും ബാഗല്‍കോട്ടയിലെ ബദാമിയിലും മത്സരിക്കുന്ന ബി. ശ്രീരാമുലുവിനുവേണ്ടി ജനാര്‍ദനറെഡ്ഡി പരസ്യമായി രംഗത്തുവന്നിരുന്നു. പത്രികസമര്‍പ്പണത്തിനെത്തിയ അദ്ദേഹം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ബി.എസ്. യെദ്യൂരപ്പ എന്നിവരോടൊപ്പം ബി.ജെ.പി. റാലിയിലും പങ്കെടുത്തു. ഇത് കോണ്‍ഗ്രസ് പ്രചാരണായുധമാക്കി.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജനാര്‍ദനറെഡ്ഡി പങ്കെടുക്കുന്നത് ദേശീയമാധ്യമങ്ങള്‍ ചര്‍ച്ചയാക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് പരസ്യപ്രചാരണം ഒഴിവാക്കാന്‍ റെഡ്ഡിക്ക് നിര്‍ദേശം നല്‍കിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴ് മണ്ഡലങ്ങളില്‍ ജനാര്‍ദനറെഡ്ഡിയുടെ സഹോദരങ്ങളും അനുയായികളുമാണ് മത്സരിക്കുന്നത്. അനധികൃത ഖനനക്കേസില്‍ 50,000 കോടി രൂപയുടെ അഴിമതി ആരോപണമാണ് റെഡ്ഡി നേരിടുന്നത്.

അനധികൃത ഖനനക്കേസില്‍ ജാമ്യത്തിലിറങ്ങിയ ജനാര്‍ദനറെഡ്ഡിക്ക് ബല്ലാരിയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. അതിനാല്‍ മധ്യകര്‍ണാടകത്തിലാണ് പ്രചാരണം നടത്തുന്നത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ അഴിമതി സര്‍ക്കാറാണെന്ന് പ്രചാരണം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്കും റെഡ്ഡി സഹോദരങ്ങളുടെ സ്ഥാനാര്‍ഥിത്വം തിരിച്ചടിയായിരിക്കയാണ്. സംസ്ഥാനത്തിന്റെ താത്പര്യം കണക്കിലെടുത്ത് ജനാര്‍ദന റെഡ്ഡിക്ക് മാപ്പുനല്‍കുന്നുവെന്ന ബി.എസ്. യെദ്യൂരപ്പയുടെ പ്രസ്താവനയും വിവാദമായി.
 
പ്രസ്താവനയ്‌ക്കെതിരേ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു. കന്നഡികരുടെ സമ്പത്ത് കൊള്ളയടിച്ച ജനാര്‍ദനറെഡ്ഡിക്ക് മാപ്പുനല്‍കുകവഴി ആരുടെ താത്പര്യമാണ് യെദ്യൂരപ്പ സംരക്ഷിക്കുന്നതെന്ന് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. റെഡ്ഡിക്കെതിരേയുള്ള കേസുകള്‍ അവസാനിപ്പിക്കാന്‍ സി.ബി.ഐ.ക്ക് നിര്‍ദേശം നല്‍കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമോയെന്നും ചോദിക്കുന്നുണ്ട്.

ജനാര്‍ദനറെഡ്ഡിയുമായി ബി.ജെ.പി.ക്ക് ബന്ധമില്ലെന്നാണ് സ്ഥാനാര്‍ഥിപ്രഖ്യാപനത്തിനുമുമ്പ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രസ്താവിച്ചത്. എന്നിട്ടും റെഡ്ഡിസഹോദരങ്ങള്‍ക്കും അനുയായികള്‍ക്കും സീറ്റ് ലഭിച്ചു.