ന്യൂഡല്‍ഹി: പാര്‍ലമെന്റ് മന്ദിരവും രാഷ്ട്രപതിഭവനും മന്ത്രാലയങ്ങളും ഉള്‍പ്പെട്ട ഡല്‍ഹിയുടെ സിരാകേന്ദ്രത്തിന് താമസിയാതെ പുതിയ മുഖം വരും.

രാഷ്ട്രപതിഭവന്‍, പാര്‍ലമെന്റ്, പ്രധാനമന്ത്രിയുടെ കാര്യാലയം, വിദേശകാര്യ, പ്രതിരോധ, ധന, ആഭ്യന്തര മന്ത്രാലയങ്ങള്‍ എന്നിവ ഒഴികെ ചുറ്റുവട്ടത്തുള്ള മറ്റെല്ലാ മന്ത്രാലയങ്ങളും പഴയ മന്ദിരങ്ങളും പൊളിച്ച്് അവിടെ പുതിയത് പണിയും. മൊത്തം 40 കെട്ടിടങ്ങളാണ് പൊളിക്കുക. രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാ ഗേറ്റുവരെ നീളുന്ന രാജ്പഥിന്റെ ഇരുവശങ്ങളിലുമായി ആധുനിക കെട്ടിടങ്ങള്‍ നിര്‍മിച്ച്്്് പ്രദേശം പുതുതായി രൂപകൽപന ചെയ്യാന്‍ ഉടനെ ആര്‍ക്കിടെക്ടിനെ ചുമതലപ്പെടുത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. പാര്‍ലമെന്റ് മന്ദിരം പൈതൃകമന്ദിരമായി നിലനിര്‍ത്തണോ അതല്ല, പരിഷ്കരിച്ച് പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം അവിടെത്തന്നെ തുടരണമോ എന്നകാര്യം ആര്‍ക്കിടെക്ടിന്റെ പഠന റിപ്പോര്‍ട്ട് ലഭിച്ചശേഷമേ തീരുമാനിക്കൂ.

റെയ്‌സിനാ കുന്നിനു മുകളില്‍ ഇരുവശങ്ങളിലുമായി ഭരണഇടനാഴി എന്ന് വിശേഷിപ്പിക്കുന്ന മന്ത്രാലയ മന്ദിരങ്ങള്‍(പ്രധാനമന്ത്രിയുടെ ഓഫീസ്, വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങള്‍ ഉള്‍പ്പെട്ട സൗത്ത് ബ്ലോക്കും ധന, ആഭ്യന്തരമന്ത്രാലയങ്ങള്‍ ഉള്‍പ്പെട്ട നോര്‍ത്ത് ബ്ലോക്കും)പ്രൗഢിക്കും രൂപഭംഗിക്കുംവേണ്ടി അതുപോലെ നിലനിര്‍ത്തിക്കൊണ്ടുതന്നെ പകരം വേറെ മന്ദിരങ്ങള്‍ ഉയരും. ഈ കെട്ടിടങ്ങളെ ബലപ്പെടുത്തിക്കൊണ്ടായിരിക്കും അതുപോലെ നിലനിര്‍ത്തുക. റെയില്‍വേ, കൃഷി മന്ത്രാലയങ്ങള്‍, ശാസ്ത്രിഭവന്‍, വാണിജ്യ മന്ത്രാലയം, വ്യവസായ മന്ത്രാലയം, ആരോഗ്യമന്ത്രാലയം, വായുസേനാ ഭവന്‍, കരസേനാ ഭവന്‍ തുടങ്ങിയ പഴയ മന്ദിരങ്ങളെല്ലാം പൊളിക്കാന്‍ നിര്‍ദേശിച്ചവയുടെ കൂട്ടത്തിലുണ്ട്. ഈ ഭാഗങ്ങളില്‍ അടുത്തകാലത്തുണ്ടാക്കിയ ആധുനിക കെട്ടിടങ്ങള്‍ മാത്രമേ അതുപോലെ നിലനിര്‍ത്തൂ. രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാ ഗേറ്റുവരെ റിപ്പബ്ലിക് ഡേ പരേഡ് കടന്നുപോവുന്ന രാജ്പഥിന് ഇരുവശത്തുമായിട്ടാവും ആധുനിക സൗകര്യങ്ങളോടെ പുതിയ മന്ത്രാലയങ്ങള്‍ ഉയരുക.

സൗരോര്‍ജവും മഴവെള്ള സംഭരണവും കേന്ദ്രിത എ.സി.യും മറ്റുമുള്ള ആധുനിക കെട്ടിടങ്ങള്‍ നിലവില്‍വരുമ്പോള്‍ വര്‍ഷം 1000 കോടി രൂപ സര്‍ക്കാരിന് പ്രവര്‍ത്തനലാഭം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഇപ്പോള്‍ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അതത് മന്ത്രാലയങ്ങളോട് ചേര്‍ന്നു പ്രവര്‍ത്തിക്കാനാവും. അതുവഴി വാടകയിനത്തില്‍തന്നെ വന്‍തുക ലാഭിക്കാം. പുതിയ പാര്‍ലമെന്റ് മന്ദിരം എന്ന ആശയം നേരത്തേ ഉള്ളതാണ്. മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് സ്പീക്കര്‍ മീരാ കുമാര്‍ അതിനുള്ള നീക്കം നടത്തിയിരുന്നെങ്കിലും അത് മുന്നോട്ടുപോയില്ല.

 

Content Highlights: composite complex for various ministries will also kick off very soon