മുംബൈ: അന്താരാഷ്ട്ര വിപണിയിൽ 26 കോടി രൂപ വിലമതിക്കുന്ന ആംബർഗ്രിസ് മുംബൈയിൽനിന്ന് വനംവകുപ്പധികൃതർ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച്‌ പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. മുംബൈയിൽ രണ്ടിടങ്ങളിലായി ജൂലായ് എട്ട്, 10 തീയതികളിൽ നടന്ന ആംബർഗ്രിസ് ഇടപാടുകളാണ് വനംവകുപ്പ് കണ്ടെത്തിയതെന്ന് താനെ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്‌സ് ഗജേന്ദ്രഹിരേ അറിയിച്ചു.

ആംബർഗ്രിസ് വാങ്ങാനെത്തിയ ഇടപാടുകാർ എന്ന വ്യാജേനയാണ് വനംവകുപ്പ് വിൽപ്പനക്കാരെ പിടികൂടിയത്. ആദ്യ സംഘത്തിൽനിന്ന് എട്ടുകിലോഗ്രാം ആംബർഗ്രിസും രണ്ടാമത്തെ സംഘത്തിൽനിന്ന് 19 കിലോഗ്രാം ആംബർഗ്രിസും പിടികൂടി. തുടർന്നു നടന്ന അന്വേഷണത്തിലാണ് അഞ്ച്‌ പേരെ അറസ്റ്റു ചെയ്തത്. തിമിംഗിലങ്ങളുടെ കുടലിൽ ദഹനപ്രക്രിയയുടെ ഭാഗമായി രൂപം കൊള്ളുന്ന വിസർജ്യ വസ്തുവാണ് ആംബർഗ്രിസ്. ഔഷധക്കൂട്ടായും സുഗന്ധദ്രവ്യ നിർമാണത്തിനും ഉപയോഗിക്കുന്ന ഇതിന് സ്വർണത്തേക്കാൾ വിലയുണ്ട്.

വംശനാശഭീഷണി നേരിടുന്ന ജീവികളുടെ അന്താരാഷ്ട്ര വ്യാപാരക്കരാറിന്റെ അടിസ്ഥാനത്തിൽ ആംബർഗ്രിസ് വിപണനം നിരോധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അത്‌ വാങ്ങുന്നതും വിൽക്കുന്നതും കുറ്റകരമാണ്. 30 കോടി രൂപ വിലമതിക്കുന്ന ആംബർഗ്രിസ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ കേരളത്തിലെ ചേറ്റുവയിൽനിന്ന് വനംവകുപ്പ് അടുത്തയിടെ മൂന്ന്‌ പേരെ അറസ്റ്റു ചെയ്തിരുന്നു.

Content Highlights: ambergris worth Rs 26 crore seized, five arrested