ജമ്മു: കശ്മീര്‍ താഴ്‌വരയിലെ ക്രമസമാധാനപ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ജമ്മുവിലെ ഭഗവതിനഗര്‍ ക്യാമ്പില്‍ നിന്നുള്ള അമര്‍നാഥ് യാത്ര നിര്‍ത്തിവെച്ചതായി പോലീസ് അറിയിച്ചു. ബാല്‍ടാല്‍, പഹല്‍ഗാം എന്നിവിടങ്ങളില്‍നിന്നുള്ള അമര്‍നാഥ് യാത്രയ്ക്ക് തടസ്സമില്ല.

ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് പുല്‍വാമ ജില്ലയിലെ ത്രാല്‍ ഉള്‍പ്പെടെ മൂന്ന് നഗരത്തില്‍ വെള്ളിയാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു.

സുരക്ഷാവെല്ലുവിളികള്‍ നേരിടാനായി പ്രദേശത്ത് പോലീസിനേയും അര്‍ധസൈനികരേയും വന്‍തോതില്‍ വിന്യസിച്ചിട്ടുണ്ട്. അമര്‍നാഥ് തീര്‍ഥാടനമാരംഭിച്ച് ഒമ്പതുദിവസത്തിനുള്ളില്‍ തീര്‍ഥാടകരുടെ എണ്ണം 1.15 ലക്ഷം കവിഞ്ഞു.