ന്യൂഡൽഹി: പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് പ്രഖ്യാപിച്ച പുതിയ പാർട്ടിക്ക്‌ പേരിട്ടു-പഞ്ചാബ് ലോക് കോൺഗ്രസ്. മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് തന്നെ പുറത്താക്കാൻ ഗൂഢാലോചനനടന്നുവെന്ന് ആരോപിച്ച് ഏഴുപേജുള്ള നീണ്ട രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് കൈമാറുകയും ചെയ്തു.

കോൺഗ്രസ് സംസ്ഥാനാധ്യക്ഷൻ നവജോത് സിങ് സിദ്ദുവുമായുള്ള തർക്കത്തിനിടെ സെപ്റ്റംബറിലാണ് അമരീന്ദറിന് മുഖ്യമന്ത്രിസ്ഥാനം രാജിെവക്കേണ്ടിവന്നത്. അനുരഞ്ജനത്തിനുള്ള സമയം കഴിഞ്ഞെന്നും കോൺഗ്രസ് വിടാനുള്ള തന്റെ തീരുമാനം അന്തിമമാണെന്നും അമരീന്ദർ വ്യക്തമാക്കി.

സിദ്ദുവിനെയും പഞ്ചാബിൽ കോൺഗ്രസിൻറെ മുൻചുമതലക്കാരനായ ഹരീഷ് റാവത്തിനെയും രാജിക്കത്തിൽ നിശിതമായി വിമർശിക്കുന്നുണ്ട്. ഗാന്ധി കുടുംബവുമായുള്ള ബന്ധത്തെക്കുറിച്ച് എടുത്തുപറയുകയുംചെയ്തു. രാജീവ് ഗാന്ധിയുമായി സ്കൂൾപഠനകാലംതൊട്ടുള്ള ബന്ധമാണ്. അദ്ദേഹത്തിന്റെ കാലശേഷവും അതുതുടരാനായി. എന്നാൽ, സോണിയയുടെയും മക്കളുടെയും സമീപകാലത്തെ പെരുമാറ്റത്തിൽ അതീവ ദുഃഖിതനാണെന്നും രാജിക്കത്തിൽ പറയുന്നു.

പാർട്ടിയുടെ പേര് പ്രഖ്യാപിച്ചെങ്കിലും തിരഞ്ഞെടുപ്പുകമ്മിഷന്റെ അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല. ചിഹ്നവും അനുവദിച്ചിട്ടില്ല.