ചണ്ഡീഗഢ്: ഇറാഖില്‍ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട ഹൃദയഭേദകമായ വാര്‍ത്തയറിഞ്ഞ് താന്‍ തകര്‍ന്നുപോയെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. കൊല്ലപ്പെട്ടവരില്‍ അധികവും പഞ്ചാബികളാണ്. തട്ടിക്കൊണ്ടുപോയ വാര്‍ത്തയറിഞ്ഞപ്പോള്‍ മുതല്‍ പ്രതീക്ഷയോടെ ജീവിക്കുന്ന, അവരുടെ കുടുംബാംഗങ്ങളോടൊപ്പമാണ് എന്റെ ഹൃദയം. അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നു -സിങ് ട്വിറ്ററില്‍ കുറിച്ചു.

വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും 39 കുടുംബങ്ങളെ സമാധാനിപ്പിക്കാന്‍ വാക്കുകള്‍ മതിയാകില്ലെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ട്വീറ്റ് ചെയ്തു.

അതേസമയം, കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ വിദേശകാര്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിങ് ബജ്!വ ആരോപിച്ചു. മരിച്ചവരെക്കുറിച്ച് നുണകള്‍ പ്രചരിപ്പിച്ച വിദേശകാര്യമന്ത്രി സുഷമാസ്വരാജ് ഉത്തരവാദിത്വമേറ്റെടുത്ത് രാജിവയ്ക്കണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് കന്‍വര്‍ സന്ധു ആവശ്യപ്പെട്ടു.