:അൽവറിലെ ആൾക്കൂട്ടക്കൊലയെച്ചൊല്ലി പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം. ഇരുസഭകളിലും നടുത്തളത്തിലിറങ്ങി പ്രതിപക്ഷം ബഹളമുയർത്തി. ആൾക്കൂട്ടക്കൊല തടയാൻ ആവശ്യമെങ്കിൽ സർക്കാർ നിയമം നിർമിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

ശൂന്യവേളയിൽ സുദീപ് ബന്ദോപാധ്യായ (ടി.എം.സി.), മല്ലികാർജുൻ ഖാർഗെ (കോൺഗ്രസ്), മുഹമ്മദ് സലിം (സി.പി.എം.), തമ്പിദുരൈ (എ.ഐ.ഡി.എം.കെ.) എന്നിവരാണ് വിഷയമുന്നയിച്ചത്. രാജ്യത്ത് അസ്ഥിരതയും അസമാധാനവും ഉണ്ടാക്കാൻ വികലമനസ്കരായ ചിലർ ആൾക്കൂട്ടക്കൊല ആസൂത്രണം ചെയ്യുകയാണെന്ന് സുദീപ് ബന്ദോപാധ്യായ പറഞ്ഞു. കുറ്റവാളികൾക്കു കടുത്തശിക്ഷ നൽകണം. സർക്കാർ മൗനം പാലിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിലും ഹരിയാണയിലും നടന്ന ആൾക്കൂട്ടക്കൊലകളിൽ പോലീസും പങ്കാളികളാണെന്ന് മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. സംഭവങ്ങളെക്കുറിച്ച് സുപ്രീംകോടതിയുടെ സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നഗര-ഗ്രാമ വ്യത്യാസമില്ലാതെ അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിൽ കൊല നടത്തുകയാണെന്ന് മുഹമ്മദ് സലിം പറഞ്ഞു. ഇതിനെ നേരിടാൻ സംസ്ഥാന സർക്കാരുകളെ കേന്ദ്രം സഹായിക്കണമെന്ന് തമ്പിദുരൈ ആവശ്യപ്പെട്ടു.

ആൾക്കൂട്ടക്കൊല തടയാൻ നിയമനിർമാണം ആവശ്യമെങ്കിൽ സർക്കാർ ആലോചിക്കുമെന്ന് രാജ്നാഥ് സിങ് പ്രതികരിച്ചു. ഇതു നിയന്ത്രിക്കാനുള്ള മാർഗങ്ങൾ നിർദേശിക്കാൻ രണ്ടു സമിതികൾക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ട്. സമിതി നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകും. ശുപാർശകൾ നടപ്പാക്കും.

ഇത് എൻ.ഡി.എ. സർക്കാരിന്റെ കാലത്തുമാത്രം സംഭവിക്കുന്ന ഒന്നല്ലെന്നും മുമ്പും ഉണ്ടായിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ആൾക്കൂട്ടക്കൊല 1984-ലെ സിഖ് കൂട്ടക്കൊലയാണെന്ന് അദ്ദേഹം ആരോപിച്ചു.

രാജ്യസഭയിൽ ടി.എം.സി.യുടെ നേതൃത്വത്തിലാണ് പ്രതിപക്ഷം വിഷയമുന്നയിച്ചത്. ആൾക്കൂട്ടക്കൊല തടയാൻ നിയമനിർമാണം നടത്തണമെന്ന് ടി.എം.സി. അംഗം ശാന്ത ഛേത്രി ആവശ്യപ്പെട്ടു. ടി.എം.സി.യെ മറ്റു പ്രതിപക്ഷപാർട്ടികൾ പിന്തുണച്ചു. വിഷയം സർക്കാർ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രാജ്യസഭാധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു.