ന്യൂഡല്‍ഹി: ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി എം.എ. ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേചെയ്തു. ആന്റണിയുടെ പുനഃപരിശോധനാഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെതാണ് നടപടി. കേസ് അടുത്തമാസം രണ്ടിന് വീണ്ടും പരിഗണിക്കും. കേസില്‍ സി.ബി.ഐ.ക്ക് നോട്ടീസയക്കാനും കോടതി നിര്‍ദേശിച്ചു. 2009-ല്‍ ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചിരുന്നു. തുടര്‍ന്ന് ഏപ്രിലില്‍ പുനഃപരിശോധനാ ഹര്‍ജിയും കോടതി തള്ളി.
 
എന്നാല്‍, വധശിക്ഷയ്‌ക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദംകേള്‍ക്കണമെന്ന് 2014-ല്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ സുപ്രധാനവിധിയിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞവര്‍ഷം ആന്റണി വീണ്ടും പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. ഇയാളുടെ ദയാഹര്‍ജി രാഷ്ട്രപതിയും നേരത്തേ തള്ളിയിരുന്നു.

2001 ജനവരി ആറിന് ആലുവയില്‍ മാഞ്ഞൂരാന്‍വീട്ടില്‍ അഗസ്റ്റിന്‍, ഭാര്യ മേരി, മക്കളായ ജെന്‍സണ്‍, ദിവ്യ, അഗസ്റ്റിന്റെ അമ്മ ക്‌ളാര, സഹോദരി കൊച്ചുറാണി എന്നിവരെ ആന്റണി വെട്ടിക്കൊന്നുവെന്നാണ് കേസ്. കേസില്‍ സാഹചര്യത്തെളിവുകള്‍ മാത്രം പരിഗണിച്ചാണ് ശിക്ഷവിധിച്ചതെന്നും ഇക്കാര്യം സുപ്രീംകോടതി പരിഗണിച്ചില്ലെന്നും ആന്റണിക്കുവേണ്ടി ഹാജരായ അഭിഭാഷകരായ കോളിന്‍ ഗോണ്‍സാല്‍വസും മനോജ് വി.ജോര്‍ജും വാദിച്ചു.