ന്യൂഡൽഹി: തൃശ്ശൂർപൂരത്തിന് മാലപ്പടക്കം പൊട്ടിക്കുന്നത് അനുവദിക്കാൻ കേന്ദ്ര ഏജൻസിയായ പെസോയ്ക്ക് (പെട്രോളിയം, സ്ഫോടകവസ്തു സുരക്ഷാ ഓർഗനൈസേഷൻ) സുപ്രീംകോടതി അനുമതി നൽകി. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ആർ. ബസന്ത് വിഷയം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പെസോയ്ക്ക് വാക്കാൽ നിർദേശം നൽകിയത്.

ബേറിയം ഉപയോഗിക്കാത്ത പടക്കങ്ങൾക്ക് തങ്ങൾ അനുമതി നൽകിയതാണെന്നും ബെഞ്ച് വ്യക്തമാക്കി. പടക്കങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള കഴിഞ്ഞ ഒക്ടോബറിലെ ഉത്തരവിൽ സുപ്രീംകോടതി ഏപ്രിൽ 11-ന് ഇളവനുവദിച്ചിരുന്നു. തൃശ്ശൂർപൂരത്തിന്റെ അവിഭാജ്യഘടകമാണ് വെടിക്കെട്ടെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

അതേസമയം, പെസോ അനുവദിച്ച പുതിയ ഫോർമുല ഉപയോഗിച്ചുവേണം പടക്കങ്ങൾ നിർമിക്കാനെന്നും ബേറിയം ഉപയോഗിക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു. മാലപ്പടക്കങ്ങൾ പൊട്ടിക്കരുതെന്ന് ഒക്ടോബറിലെ വിധിയിലുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവിൽ വ്യക്തത തേടി ദേവസ്വങ്ങൾ സുപ്രീംകോടതിയിലെത്തിയത്. പെസോയുടെ അനുമതി ലഭിക്കുന്നപക്ഷം തൃശ്ശൂർപൂരത്തിന് മാലപ്പടക്കവും ഉപയോഗിക്കാനാകും.

Content Highlights: Allow Chain Crackers in Thrissur Pooram SC to PESO