ആഗ്ര/പ്രയാഗ്‌രാജ്: ശ്രീരാമനും ശ്രീകൃഷ്ണനും രാമായണവും ഭഗവദ്ഗീതയും വാൽമീകിയും വേദവ്യാസനുമെല്ലാം ഇന്ത്യയുടെ പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണെന്നും ഇവരോട് ആദരം പ്രകടിപ്പിക്കാൻ പാർലമെന്റ് നിയമം കൊണ്ടുവരണമെന്നും അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. ഏകാംഗബെഞ്ച് ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവിന്റേതാണ് പരാമർശം.

രാമനെയും കൃഷ്ണനെയും ആക്ഷേപിക്കുന്ന വിധത്തിൽ ഫെയ്സ്ബുക്കിൽ പരാമർശം നടത്തിയെന്ന കേസിൽ ആകാശ് ജാദവ് എന്ന സൂര്യപ്രകാശിന് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. രാജ്യത്തെ ഭൂരിപക്ഷത്തിന്റെ വിശ്വാസത്തെ ചോദ്യംചെയ്യുന്നതാണ് ആകാശ് ജാദവിന്റെ നടപടിയെന്നും ഇത്തരം ചെയ്തികൾ സമാധാനത്തിനും സാഹോദര്യത്തിനും ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു.

ഒരു നിരീശ്വരവാദിക്ക് ദൈവത്തിൽ വിശ്വസിക്കാതിരിക്കാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ ദൈവത്തെക്കുറിച്ച് അപകീർത്തിപരമായ ചിത്രങ്ങളോ എഴുത്തോ പരസ്യമായി വിളിച്ചുപറയാൻ അധികാരമില്ല. ആയിരക്കണക്കിന് വർഷങ്ങളായി രാജ്യത്ത് ആരാധിക്കപ്പെട്ടുവരുന്നവരാണ് ശ്രീരാമനും ശ്രീകൃഷ്ണനുമെല്ലാം. എന്നാൽ കഴിഞ്ഞകുറച്ചുകാലമായി മോശമായ പല പരാമർശങ്ങളും അതേത്തുടർന്ന് വിവാദങ്ങളും ഉണ്ടാവുന്നുണ്ട്. ഹിന്ദു, ഇസ്‌ലാം, ക്രിസ്ത്യൻ, സിഖ് തുടങ്ങിയ ഒരു മതത്തിലും ഇത് ഉണ്ടാവാൻ പാടില്ലെന്നും കോടതി നിരീക്ഷിച്ചു. നേരത്തേ പശുവിനെ അറത്തെന്ന കേസിൽ പ്രതിക്ക് ജാമ്യം നിഷേധിച്ച ഇതേ ജഡ്ജി പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.