ന്യൂഡൽഹി: എല്ലാ പുതിയ മോട്ടോർവാഹനങ്ങളിലും ഏപ്രിൽ ഒന്നുമുതൽ അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ (എച്ച്.എസ്.ആർ.പി.) വരുമെന്ന്‌ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിൽ പറഞ്ഞു. വ്യാജ നമ്പർപ്ലേറ്റുകൾ തടയാനാണ് കേന്ദ്രനിർദേശത്തോടെ മോട്ടോർവാഹനവകുപ്പ് പുതിയ സംവിധാനം നടപ്പാക്കുന്നത്.

വാഹനത്തിനുമുന്നിലും പിന്നിലും ഇത്തരം നമ്പർപ്ലേറ്റുകളുണ്ടാവും. അഴിച്ചുമാറ്റാൻ ശ്രമിച്ചാൽ പൊളിഞ്ഞുപോകുന്നവയാണിവ. അലുമിനിയം നമ്പർ പ്ലേറ്റിൽ ക്രോമിയംകൊണ്ടുള്ള ഹോളോഗ്രാം പതിപ്പിക്കും. പ്ലേറ്റിന്റെ ഇരുപുറവും ഹോളോഗ്രാമുണ്ടാവും. നമ്പർ പ്ലേറ്റുകളിൽ ചില സുരക്ഷാസംവിധാനങ്ങളുമുണ്ടാവുമെന്ന് ഗഡ്കരി വ്യക്തമാക്കി.

എല്ലാ വാഹനങ്ങൾക്കും നിർബന്ധമായി മൂന്നാമതൊരു രജിസ്ട്രേഷൻ അടയാളംകൂടിയുണ്ടാകും. രജിസ്ട്രേഷന്റെ എല്ലാ വിവരങ്ങളുമുള്ള ഹോളോഗ്രാം സ്റ്റിക്കറാണിത്. വിൻഡ്ഷീൽഡിന്റെ ഉൾഭാഗത്താവും ഇത് പതിപ്പിക്കുക.

സർക്കാർ അനുമതി ലഭിച്ചിട്ടുള്ള നിർമാതാക്കളോ വിതരണക്കാരോ രജിസ്ട്രേഷൻ മാർക്ക് പതിപ്പിച്ചശേഷം പഴയ വാഹനങ്ങൾക്ക് എച്ച്.എസ്.ആർ.പി. വിതരണം ചെയ്യും.

content highlights: All new vehicles to come with high security number plates from April 2019