ഹൈദരാബാദ്/ന്യൂഡൽഹി: തെലങ്കാനയിൽ വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്തശേഷം കൊന്നുകത്തിച്ച സംഭവത്തിലെ നാലുപ്രതികളെയും കുറ്റകൃത്യം നടന്ന സ്ഥലത്തുണ്ടായ ഏറ്റുമുട്ടലിലൂടെ പോലീസ് വധിച്ചു. വെള്ളിയാഴ്ച രാവിലെ 5.45-നും 6.15-നുമിടെയിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് സൈബരാബാദ് പോലീസ് കമ്മിഷണർ സി.വി. സജ്ജനാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രതികളായ ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ് (26), ജൊല്ലു നവീൻ (20), ജൊല്ലു ശിവ (20), ചെന്നകേശവുലു (20) എന്നിവരാണ് കൊല്ലപ്പെട്ടത്. പോലീസ്, നിയമം കൈയിലെടുത്തുനടത്തിയ കൊലയ്ക്കെതിരേ പലഭാഗത്തുനിന്ന് എതിർപ്പുയർന്നെങ്കിലും വലിയവിഭാഗം ജനങ്ങൾ അനുമോദിച്ചു. കേസിന്റെ വിചാരണയ്ക്കായി ബുധനാഴ്ച തെലങ്കാന സർക്കാർ അതിവേഗകോടതിയുണ്ടാക്കിയിരുന്നു.

നവംബർ 27-നാണ് ഇരുപത്തഞ്ചുകാരിയായ ഡോക്ടറെ ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള ഷംഷാബാദിൽ പ്രതികൾ ആക്രമിച്ചത്. കൂട്ടബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തി. മൃതദേഹം ഏതാനും കിലോമീറ്ററകലെ ചതൻപള്ളിയിൽ കൊണ്ടുപോയി പെട്രോളൊഴിച്ചു കത്തിച്ചു. പ്രതികളെ രണ്ടാംദിവസം അറസ്റ്റു ചെയ്തു. അജ്ഞാതകേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന ഇവരെ തെളിവെടുപ്പിനാണ് വെള്ളിയാഴ്ച വെളുപ്പിന് ചതൻപള്ളിയിലെത്തിച്ചത്.

പോലീസ് പറയുന്നത്

മൊബൈൽഫോണും മറ്റുചില വസ്തുക്കളും കണ്ടെടുക്കാനാണ് പ്രതികളെ സംഭവസ്ഥലത്തെത്തിച്ചത്. നാലുപേർക്കും കൈയാമംവെച്ചിരുന്നില്ല. പ്രതികളിൽ രണ്ടുപേർ പോലീസിന്റെ തോക്കു തട്ടിപ്പറിച്ചെടുത്ത് വെടിയുതിർത്തപ്പോൾ നടത്തിയ പ്രത്യാക്രമണത്തിലാണ് നാലുപേരും മരിച്ചത്. മുഹമ്മദ് ആരിഫാണ് പത്തു പോലീസുകാരുൾപ്പെട്ട സംഘത്തിനുനേരെ ആദ്യം വെടിയുതിർത്തത്. അതിനുമുമ്പ് ഇവർ പോലീസിനെ കല്ലെറിയുകയും വടികൊണ്ട് അടിക്കുകയും ചെയ്തു.

ആദ്യം സംയമനം പാലിച്ച പോലീസ് പ്രതികളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. അതിനു തയ്യാറാകാഞ്ഞപ്പോൾ തിരിച്ചുവെടിവെച്ചു. പ്രതികളെ തെളിവെടുപ്പിനെത്തിച്ച് അഞ്ചുപത്തു മിനിറ്റിനകം എല്ലാം സംഭവിച്ചു.

പ്രതികൾ തട്ടിയെടുത്ത തോക്കുകൾ, വെടിയുതിർക്കാൻ പാകത്തിൽ ‘അൺലോക്’ ചെയ്തിരുന്നു. ആക്രമണത്തിൽ സബ് ഇൻസ്പെക്ടർക്കും കോൺസ്റ്റബിളിനും തലയ്ക്കു പരിക്കേറ്റു. ഇവർ ചികിത്സയിലാണ്.

വെടിവെപ്പ് എപ്പോൾ?

പാതിരകഴിഞ്ഞാണ് പ്രതികളെ തെളിവെടുപ്പിനുകൊണ്ടുപോയതെന്നും ഏറ്റുമുട്ടൽക്കൊല നടന്നത് പുലർച്ചെ മൂന്നരയ്ക്കാണെന്നുമായിരുന്നു ആദ്യവാർത്തകൾ. ജനം കൈയേറ്റം ചെയ്യാതിരിക്കാനാണ് രാത്രിയിൽ പ്രതികളെ കൊണ്ടുപോയതെന്നാണ് പോലീസ് പറഞ്ഞത്. എന്നാൽ, വൈകീട്ടുനടത്തിയ വാർത്താസമ്മേളനത്തിൽ സജ്ജനാർ പറഞ്ഞത് രാവിലെയാണ് ഏറ്റുമുട്ടൽ നടന്നതെന്നാണ്.

2012 ഡിസംബർ 16-ന് ഡൽഹിയിൽ ഓടുന്ന ബസിൽ പാരാമെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു പുറത്തേക്കു വലിച്ചെറിഞ്ഞ സംഭവത്തിനു പിന്നാലെ രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധത്തിനു സമാനമായിരുന്നു തെലങ്കാനയിലെ ഡോക്ടറുടെ കൊലപാതകത്തിലും ഉയർന്നത്. ‘നിർഭയ’ എന്നു വിളിക്കപ്പെട്ട ആ യുവതി പിന്നീടു മരിച്ചു.

സന്തോഷമെന്ന് ഡോക്ടറുടെ കുടുംബം

ഏറ്റുമുട്ടൽക്കൊലയിൽ വെറ്ററിനറി ഡോക്ടറുടെ അച്ഛനും സഹോദരിയും സന്തോഷം പ്രകടിപ്പിച്ചു. “അവരെ ഏറ്റുമുട്ടലിൽ കൊന്നുവെന്ന് ടി.വി.യിൽ കണ്ടു. ഞങ്ങൾക്കു സന്തോഷമായി. ഏറ്റുമുട്ടൽ നടത്തിയതിന് തെലങ്കാന സർക്കാരിനും പോലീസിനും നന്ദി” -ഡോക്ടറുടെ അച്ഛൻ പറഞ്ഞു. ഈ കൊല മറ്റുള്ളവർക്ക് പാഠമാകുമെന്ന് സഹോദരി പറഞ്ഞു.

അവൾ ദിശ

ഡൽഹിയിൽ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച പാരാമെഡിക്കൽ വിദ്യാർഥിനിക്കു മാധ്യമങ്ങൾ നൽകിയ പേര് ‘നിർഭയ’ (ഭയമില്ലാത്തവൾ) എന്നായിരുന്നു. ബലാത്സംഗത്തിനിരയാകുന്ന വ്യക്തിയുടെ പേരു പറയരുതെന്ന് നിയമമുള്ളതിനാൽ തെലങ്കാനയിൽ ബലാത്സംഗത്തിനിരയായ വനിതാഡോക്ടർക്കും മാധ്യമങ്ങൾ പേരിട്ടു. ‘ദിശ’ എന്നാണ് ആ യുവതി അറിയപ്പെടുന്നത്.

content highlights: All Four Accused in Telangana Veterinarian's Rape and Murder Case Killed in Encounter