ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽഗാം ജില്ലയിലെ കാടപോറയിൽ കഴിഞ്ഞദിവസം സൈന്യം ഏറ്റുമുട്ടലിൽ വധിച്ച ഭീകരരെ തിരിച്ചറിഞ്ഞു. അടുത്തിടെ രൂപംകൊണ്ട അൽ ബദർ എന്ന ഭീകരസംഘടനയുടെ മുതിർന്ന കമാൻഡർ സീനത്ത്-ഉൽ-ഇസ്ളാമാണ് ഇതിലൊരാൾ. ഷക്കീൽ ദർ എന്നയാളാണ് രണ്ടാമൻ. രണ്ടുപേരും കൊടുംഭീകരരാണെന്ന് സേനാവക്താവ് പറഞ്ഞു.

ഹിസ്ബുൾ മുജാഹിദീൻ പ്രവർത്തകനായിരുന്ന സീനത്ത്-ഉൽ- ഇസ്ളാം കഴിഞ്ഞ നവംബറിലാണ് അൽ ബദർ വിഭാഗവുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്. അൽ ബദറിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരുസംഘടനകളും തമ്മിലുള്ള ധാരണപ്രകാരമായിരുന്നു ഇത്. 2015 മുതൽ ഇയാൾ ഭീകരപ്രവർത്തനങ്ങൾ നടത്തിവരികയാണെന്ന് സൈനികവക്താവ് പറഞ്ഞു.

ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ശനിയാഴ്ച വൈകുന്നേരമാണ് കാടപോറയിൽ സൈന്യം തിരച്ചിൽ ആരംഭിച്ചത്. കീഴടങ്ങാൻ അവസരം നൽകിയിട്ടും സൈന്യത്തെ ആക്രമിച്ചതിനെത്തുടർന്ന് നടത്തിയ വെടിവെപ്പിലാണ് ഇരുവരും കൊല്ലപ്പെട്ടത്. സ്ഥാലത്തുനിന്ന് വൻതോതിൽ ആയുധ-സ്ഫോടക ശേഖരവും പിടിച്ചെടുത്തു.

Content Highlights: al badr commander killed in kashmir