: വെളിച്ചത്തിന്റെ ദുഃഖവും തമസ്സിന്റെ സുഖവും മലയാളിക്കു ചൊല്ലിത്തന്ന മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠം. മലയാളകവിതയിൽ പാരമ്പര്യത്തിനും ആധുനികതയ്ക്കുമിടയിൽ പാലമായിനിന്ന അക്കിത്തം സാഹിത്യത്തിനു നൽകിയ സമഗ്രസംഭാവന പരിഗണിച്ചാണ് 55-ാം ജ്ഞാനപീഠ പുരസ്കാരം അദ്ദേഹത്തിനു സമ്മാനിക്കുന്നത്. ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ് ഇദ്ദേഹം.

സാഹിത്യകാരി പ്രതിഭാറായ് അധ്യക്ഷയായ സമിതി ഏകകണ്ഠമായാണ് അക്കിത്തത്തെ പുരസ്കാരത്തിനു തിരഞ്ഞെടുത്തത്. കവി പ്രഭാവർമയും സമിതിയിൽ അംഗമായിരുന്നു. 11 ലക്ഷം രൂപയും സരസ്വതി ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.

അക്കിത്തം അച്യുതൻ നമ്പൂതിരിയെന്നാണു മുഴുവൻപേരെങ്കിലും മലയാളികൾക്ക് അദ്ദേഹം മഹാകവി അക്കിത്തമാണ്. കണ്ണീർക്കണത്താൽ സൗരമണ്ഡലവും പുഞ്ചിരിയാൽ നിത്യനിർമലപൗർണമിയും തീർക്കുന്ന മാന്ത്രികത പരിചയപ്പെടുത്തിയ കവി. ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’മാണ് അദ്ദേഹത്തിന്റെ രചനകളിൽ ഏറ്റവും പ്രശസ്തവും ഇന്നും ചർച്ച ചെയ്യപ്പെടുന്നതും.

എഴുതിയ 55 പുസ്തകങ്ങളിൽ നാല്പത്തിയഞ്ചും കാവ്യസമാഹാരങ്ങൾ. ഇവ കൂടാതെ ചെറുകഥകളും നാടകവും ലേഖനങ്ങളും ബാലസാഹിത്യവും എഴുതിയിട്ടുണ്ട്. കോഴിക്കോട് ആകാശവാണിയിലും ‘ഉണ്ണി നമ്പൂതിരി’, ‘മംഗളോദയം’, ‘യോഗക്ഷേമം’ എന്നിവയിൽ പത്രപ്രവർത്തകനായും പ്രവർത്തിച്ചു.

രണ്ടുതവണ കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, മൂർത്തീദേവി പുരസ്‌കാരം, വയലാർ അവാർഡ്, മാതൃഭൂമി പുരസ്കാരം, കബീർ സമ്മാൻ തുടങ്ങിയ ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുള്ള അക്കിത്തത്തെ 2017-ൽ രാജ്യം പദ്‌മശ്രീ നൽകി ആദരിച്ചു.

1926 മാർച്ച് 18-ന് പാലക്കാട് ജില്ലയിലെ കുമരനെല്ലൂർ അമേറ്റിക്കര അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ മനയ്ക്കൽ പാർവതി അന്തർജനത്തിന്റെയും മകനായാണ് ജനനം. കുട്ടിക്കാലത്ത് സംസ്കൃതവും സംഗീതവും ജ്യോതിഷവും അഭ്യസിച്ചു. പിന്നീട് ഇംഗ്ലീഷും തമിഴുമൊക്കെ പഠിച്ചു. കുമരനെല്ലൂർ സ്കൂളിലെ പ്രാഥമികവിദ്യാഭ്യാസത്തിനു ശേഷം കോഴിക്കോട് സാമൂതിരി കോളേജിൽ ഇന്റർമീഡിയറ്റിനു ചേർന്നെങ്കിലും പഠനം തുടരാനായില്ല. എട്ടാം വയസ്സിൽ കവിതയെഴുതിത്തുടങ്ങി. വി.ടി. ഭട്ടതിരിപ്പാടിനൊപ്പം സമുദായനവീകരണപ്രവർത്തനങ്ങളിലും പങ്കാളിയായി.

വി.ടി.ക്കു പുറമേ, ഇടശ്ശേരി, ഉറൂബ്, നാലപ്പാട്ട് നാരായണമേനോൻ എന്നിവർക്കൊപ്പം പൊന്നാനിക്കളരിയിൽ അംഗമായത് അദ്ദേഹത്തിലെ കവിക്ക് ഊർജമേകി. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ദേശീയപ്രസ്ഥാനത്തിൽ പങ്കാളിയായ അക്കിത്തം അങ്ങനെ ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലും കണ്ണിയായി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ അക്കിത്തത്തെ അനുമോദിച്ചു.

ഭാര്യ: അന്തരിച്ച ശ്രീദേവി അന്തർജനം. മക്കൾ: പാർവതി, ഇന്ദിര, അക്കിത്തം വാസുദേവൻ (ചിത്രകാരൻ), ശ്രീജ, ലീല, നാരായണൻ.

--------------

അളവില്ലാത്ത ആർദ്രത പ്രതിഫലിക്കുന്നവയാണ് അക്കിത്തം കവിതകൾ. ഭാരതീയതത്ത്വചിന്തയും ധാർമികമൂല്യങ്ങളും മുദ്രണം ചെയ്തവയാണവ. പാരമ്പര്യത്തിനും ആധുനികതയ്ക്കുമിടയിലെ പാലം. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാമൂഹികവഴികളിൽ മനുഷ്യവികാരങ്ങളിലേക്ക്‌ ആഴ്ന്നിറങ്ങുന്നതാണ് അക്കിത്തത്തിന്റെ കവിതകൾ.

-ജ്ഞാനപീഠ സമിതി

---------------

മനുഷ്യസ്നേഹമാണ് സാഹിത്യത്തിന്റെ കേന്ദ്രബിന്ദു. അതു മാത്രമാണ് എനിക്ക് കേരള ത്തോടും ഈ ലോകത്തോടുതന്നെയും പറയാനുള്ളത്. മഹാകവി ഇടശ്ശേരി, വൈലോപ്പിള്ളി, വി.ടി. ഇവരൊക്കെ എന്നെക്കാൾ വലിയവരാണ്. ഇടശ്ശേരി എന്നെ പഠിപ്പിച്ചത് സാഹിത്യമെന്നുപറഞ്ഞാൽ ജീവിതത്തിലെ കണ്ണീരിന്റെ അന്വേഷണമാണെന്നാണ്. എന്നാൽ, അവർക്കൊന്നും കിട്ടാത്ത ഒരു പ്രശസ്തി എനിക്കുകിട്ടി. കാരണം ആയുസ്സുമാത്രമാണ്. എന്റെ ജാതകത്തിൽ ഇതിനുള്ള യോഗമുണ്ട്.

-അക്കിത്തം