കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസുമായി ചേർന്ന്‌ പ്രവർത്തിക്കാനുള്ള സാധ്യത തള്ളാതെ സമാജ്‌വാദി പാർട്ടി (എസ്.പി.) നേതാവ് അഖിലേഷ് യാദവ്. അടുത്ത പ്രധാനമന്ത്രി തന്റെ സംസ്ഥാനത്തുനിന്നാകുമെങ്കിൽ സന്തോഷമുണ്ടെന്നും ‘വോട്ടുകണക്കുകൾ’ കൃത്യമാക്കാനാണ് ഉത്തർപ്രദേശിൽ എസ്.പി.-ബി.എസ്.പി. സഖ്യത്തിൽനിന്ന് കോൺഗ്രസിനെ ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ പി.ടി.ഐ.ക്ക്‌ നൽകിയ അഭിമുഖത്തിലാണ് അഖിലേഷ് നിലപാടറിയിച്ചത്.

കോൺഗ്രസുമായുള്ള സഖ്യത്തെക്കുറിച്ച് ഇപ്പോൾ പറയാനാവില്ല. എന്നാൽ, രാജ്യം പുതിയ പ്രധാനമന്ത്രിയെ ആഗ്രഹിക്കുന്നുണ്ട്. തിരഞ്ഞെടുപ്പുകഴിഞ്ഞാൽ അത്‌ സംഭവിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരിക്കെ ഒട്ടേറെ വികസനപ്രവർത്തനങ്ങൾ നടത്തിയിട്ടും 2017-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ തോറ്റതിനുകാരണം, കണക്കുകൾ കൃത്യമാക്കാൻ പറ്റാഞ്ഞതാണെന്ന് അഖിലേഷ് പറഞ്ഞു. അതിനാലാണ് ഇത്തവണ ബി.എസ്.പി.യെയും ആർ.എൽ.ഡി.യെയും ഒപ്പം കൂട്ടിയത്. കോൺഗ്രസിനായി രണ്ടുസീറ്റ് ഒഴിച്ചിട്ടിട്ടുണ്ട്. ബാക്കിയുള്ള 78 സീറ്റുകളിൽ മത്സരിക്കണമെന്ന്‌ തീരുമാനിച്ചത് കോൺഗ്രസാണ്. അവരുമായി നല്ല ബന്ധത്തിലാണ്. രാഹുൽഗാന്ധിയോട് അത്യന്തം ബഹുമാനമാണുള്ളതെന്നും അഖിലേഷ് പറഞ്ഞു.