ന്യൂഡൽഹി: പീഡനപരാതി ഒതുക്കിത്തീർക്കണമെന്നാവശ്യപ്പെട്ടുള്ള ഫോൺവിളിയുടെ പേരിൽ മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവെക്കേണ്ടതില്ലെന്ന് എൻ.സി.പി. കേന്ദ്ര നേതൃത്വം. പാർട്ടിയിലെ പ്രശ്‌നങ്ങൾ സൗമ്യമായി പറഞ്ഞുതീർക്കാൻ മന്ത്രി വിളിച്ചതാണെന്ന രീതിയിൽ പ്രശ്നത്തെ അവതരിപ്പിക്കാനാണ് നീക്കം.

എൻ.സി.പി. ദേശീയാധ്യക്ഷൻ ശരത് പവാറുമായി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എമ്മിന്റെയും നിലപാടിന്റെ അടിസ്ഥാനത്തിൽ കൂടിയാണിത്.

ശശീന്ദ്രൻ വിഷയം പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടില്ലെന്ന് ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു. കുണ്ടറയിൽ ബ്ലോക്ക് പ്രസിഡന്റിനെ വെക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ ഉണ്ടാവുന്നത്. പാർട്ടിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാണ് ശശീന്ദ്രന്റെ ശബ്ദരേഖയിൽ പറയുന്നത്. കേസ് പിൻവലിക്കണമെന്ന ആവശ്യം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അക്കാര്യം ശശീന്ദ്രൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടില്ല. ഇതൊരു വലിയ പ്രശ്നമാക്കിയാൽ നന്നാവുമെന്ന് ചിന്തിക്കുന്ന ചിലരുണ്ട്. അവർ ഒരു പക്ഷേ, ഇത് നിയമസഭയിലും ഉന്നയിച്ചേക്കാം- ചാക്കോ പറഞ്ഞു.

പെൺകുട്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിൽ നിയമപരമായ നടപടികൾ എടുക്കണം. പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. പീഡന പരാതിയെക്കുറിച്ച് ശശീന്ദ്രൻ അറിഞ്ഞിരുന്നില്ല. അവിടെ രണ്ടാളുകൾ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ആ വിഷയത്തിലാണ് ഇടപെട്ടത്. പാർട്ടി രാജി ആവശ്യപ്പെടില്ല. എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് അറിഞ്ഞുകൊണ്ടാണ് മന്ത്രി ഭീഷണിപ്പെടുത്തിയതെന്ന ആരോപണം ചാക്കോ നിഷേധിച്ചു. പീഡനത്തെക്കുറിച്ച് പാർട്ടിക്ക് ആരും പരാതി നൽകിയിട്ടില്ല. മന്ത്രിമാർ ഭരണപരമായ കാര്യങ്ങളിൽ ഇടപെട്ടാൽ മതി. മന്ത്രിക്ക് വിവരം തന്നെ വിളിച്ചു പറയാമായിരുന്നുവെന്നും ചാക്കോ പറഞ്ഞു.