മുംബൈ: എൻ.സി.പി.യിൽ മന്ത്രിയെ മാറ്റുന്നതിനായുള്ള നീക്കങ്ങൾ സജീവമായി നിലനിൽക്കെ മന്ത്രി എ.കെ. ശശീന്ദ്രൻ മുംബൈയിലെത്തി ശരദ്പവാറുമായി കൂടിക്കാഴ്ച നടത്തി. മാണി സി. കാപ്പൻ മന്ത്രിസ്ഥാനത്തിനായി ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് കൂടിക്കാഴ്ച. ശനിയാഴ്ച രാവിലെയാണ് മന്ത്രി എ.കെ. ശശീന്ദ്രൻ മുംബൈയിലെത്തി എൻ.സി.പി. ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ കണ്ടത്. മകന്റെ വിവാഹത്തിന് ക്ഷണിക്കാനാണ് താൻ പവാറിനെ കണ്ടതെന്നായിരുന്നു ശശീന്ദ്രന്റെ വിശദീകരണം.

ഫെബ്രുവരി എട്ടിന് മകന്റെ വിവാഹത്തിനുശേഷം മന്ത്രിസ്ഥാനത്തുനിന്ന് മാറിയേക്കുമെന്നാണ് സൂചന. ശരദ് പവാറിനെ കണ്ടശേഷം എൻ.സി.പി. നേതാവ് പ്രഫുൽ പട്ടേലുമായും എ.കെ. ശശീന്ദ്രൻ കൂടിക്കാഴ്ച നടത്തി. മാണി സി. കാപ്പന് മന്ത്രിസ്ഥാനം നൽകി ശശീന്ദ്രനെ എൻ.സി.പി. സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക്‌ കൊണ്ടുവരുന്നതിനോട് കേന്ദ്രനേതൃത്വത്തിനും അനുകൂലസമീപനമുള്ളതായാണ് സൂചന. കൂടുതൽ ചർച്ചകൾക്കായി എൻ.സി.പി. നേതാവ് പ്രഫുൽ പട്ടേലിനെ കേരളത്തിലേക്കയക്കുമെന്നും കേന്ദ്രനേതൃത്വം അറിയിച്ചു.

മന്ത്രിയെ മാറ്റുന്ന കാര്യം തങ്ങളുടെ മുന്നിലുണ്ടെന്നും ഫെബ്രുവരിയോടെ തീരുമാനമുണ്ടാകുമെന്നും നേതൃത്വം വ്യക്തമാക്കുന്നു. കഴിഞ്ഞയാഴ്ച മാണി സി. കാപ്പനും മുംബൈയിലെത്തി ശരദ് പവാറിനെ കണ്ടിരുന്നു. അന്ന് പ്രധാനമായും മന്ത്രിയെ മാറ്റുന്നതുസംബന്ധിച്ച കാര്യങ്ങളാണ് ചർച്ചയായത്.

Content Highlights; ak saseendran meet sharad pawar