ചെന്നൈ: ബൈക്ക് റേസ് ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ നടൻ അജിത്തിന് പരിക്കേറ്റു. അദ്ദേഹത്തിന്റെ പുതിയ ചലച്ചിത്രമായ ’വലിമൈ’യുടെ ഷൂട്ടിങ്ങിനിടെ ചെന്നൈയിലായിരുന്നു അപകടം.

സൂപ്പർ ബൈക്കുകളോട് കമ്പമുള്ള അജിത് ചലച്ചിത്രങ്ങളിൽ ഡ്യൂപ്പിനെ ഉപയോഗിക്കാതെ ബൈക്ക് ഓടിക്കാറുണ്ട്. ഒരു ചേസിങ് സീൻ ചിത്രീകരിക്കുന്നതിനിടെ ബൈക്ക് തെന്നിമറിയുകയായിരുന്നു. കൈപ്പത്തിയിലും കാലുകളിലുമാണ് പരിക്കേറ്റത്. ഇതേത്തുടർന്ന് കുറച്ചുനേരം ഷൂട്ടിങ് നിർത്തിവെച്ചെങ്കിലും ഷെഡ്യൂൾ പൂർത്തിയാക്കിയശേഷമാണ് അജിത് സെറ്റിൽനിന്നു മടങ്ങിയത്.

പരിക്ക് സാരമല്ലെങ്കിലും വിശ്രമം നിർദേശിച്ചിട്ടുണ്ടെന്നാണ് വിവരം. അപകടവിവരമറിഞ്ഞതോടെ ‘ഗെറ്റ് വെൽ സൂൺ, തല’ (തലൈവർ എന്ന അർഥത്തിൽ ‘തല’ എന്നാണ് ആരാധകർ അജിത്തിനെ വിശേഷിപ്പിക്കാറുള്ളത്) എന്ന ഹാഷ്‌ടാഗ് സാമൂഹികമാധ്യമങ്ങളിൽ തരംഗമായി. അടുത്തയാഴ്ച ഹൈദരാബാദിലാണ് ചിത്രത്തിന്റെ ബാക്കി ചിത്രീകരണം നടക്കാനുള്ളത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘വലിമൈ’യുടെ ചിത്രീകരണം കഴിഞ്ഞമാസമാണ് തുടങ്ങിയത്. ‘നേർകൊണ്ട പാർവൈ’ എന്ന ചിത്രത്തിനുശേഷം അജിത്തും എച്ച്. വിനോദും ഒന്നിക്കുന്ന ‘വലിമൈ’ യുടെ നിർമാണം ബോണി കപൂറാണ്.

Content Highlights: Ajith Bike race accident