ന്യൂഡൽഹി: വിമാനത്താവള സ്വകാര്യവത്കരണത്തേക്കുറിച്ച് പറയുന്നവർ അതിന്റെ ചരിത്ര പശ്ചാത്തലം വിലയിരുത്തണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി രാജ്യസഭയിൽ പറഞ്ഞു. വിമാനത്താവള സ്വകാര്യവത്കരണം 2006-ൽ യു.പി.എ. സർക്കാരാണ് തുടങ്ങിയത്. അന്ന് സ്വകാര്യവത്കരിച്ച ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലാണ് രാജ്യത്തെ 33 ശതമാനം സർവീസും നടക്കുന്നത്. ഇപ്പോൾ സ്വകാര്യവത്കരിക്കുന്ന ആറു വിമാനത്താവളങ്ങളുടെ ആകെ സംഭാവന ഒമ്പത് ശതമാനം മാത്രമാണ്. തിരുവനന്തപുരം വിമാനത്താവളത്തിനടുത്തുതന്നെ അദാനി വിജയകരമായി തുറമുഖം നടത്തുന്നതും മന്ത്രി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനിക്ക് നൽകുന്നതിനെതിരേ കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങൾ ഉന്നയിച്ച ആരോപണങ്ങൾക്കാണ് മന്ത്രി മറുപടി നൽകിയത്. വിമാനത്താവളങ്ങളെല്ലാം ഒരു കമ്പനിക്ക് (അദാനി) മാത്രം നൽകുന്നെന്നായിരുന്നു മുഖ്യ ആരോപണം.

മുൻപരിചയമുള്ള കമ്പനികൾക്കേ നൽകൂവെന്ന് നിശ്ചയിച്ചാൽ ഡൽഹി, മുംബൈ വിമാനത്താവളങ്ങൾ നടത്തിയവർക്കുമാത്രമേ നൽകാനാകൂവെന്ന് മന്ത്രി പറഞ്ഞു. ലോകത്തെ മുഴുവൻ കമ്പനികളെയും ക്ഷണിക്കുകയാണ് 2018-ൽ ഈ സർക്കാർ ചെയ്തതെന്നും മന്ത്രി പറഞ്ഞപ്പോൾ മുൻ വ്യോമയാന മന്ത്രി പ്രഫുൽ പട്ടേൽ ഇടപെട്ടു. 2006-ൽ ആർക്കും മുൻപരിചയമുണ്ടായിരുന്നില്ലെന്നും തങ്ങളുടെ സർക്കാർ വരുംമുൻപുതന്നെ ഹൈദരാബാദ്, ബെംഗളൂരു വിമാനത്താവളങ്ങളുടെ ലേല നടപടികൾ പൂർത്തിയായിരുന്നെന്നും പട്ടേൽ പറഞ്ഞു.

വിമാനത്താവള സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട് നീതി ആയോഗും സെക്രട്ടറിതല സമിതിയും കേരള സർക്കാരും തമ്മിൽ ചർച്ച നടത്തിയിരുന്നെന്ന് മന്ത്രി പുരി പറഞ്ഞു. വേണ്ടെന്നുവെക്കാനുള്ള ആദ്യത്തെ അവകാശം (റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസൽ) തങ്ങൾക്കുവേണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. ഇതുപ്രകാരം ഏറ്റവും കൂടിയ തുക ക്വോട്ട് ചെയ്തവരുമായി 10 ശതമാനത്തിൽ താഴെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളുവെങ്കിൽ ലേലം കേരളത്തിന് അനുകൂലമാകുമായിരുന്നു. എന്നാൽ 19.3 ശതമാനം കുറഞ്ഞ തുകയായിരുന്നു കേരളത്തിന്റേത്.

ഡൽഹി, മുംബൈ വിമാനത്താവളങ്ങൾ 2006-ൽ സ്വകാര്യവത്കരിച്ചതുവഴി ലഭിച്ച 29,000 കോടി രൂപ രാജ്യത്തെ ബാക്കിയുള്ള വിമാനത്താവള വികസനത്തിനായി ഉപയോഗിക്കാൻ സാധിച്ചതായി മന്ത്രി പറഞ്ഞു. എയർ ട്രാഫിക് കൺട്രോളേഴ്‌സിന്റെ (എ.ടി.സി.) എണ്ണക്കുറവ് കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആയിരം പേരെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഇപ്പോൾ 3500 പേരുണ്ടെന്നും മന്ത്രി അറിയിച്ചു.

Content Highlights: Airports privatisation