ന്യൂഡല്‍ഹി: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിമാനത്താവളങ്ങളില്‍ അടുത്ത അഞ്ചുവര്‍ഷം കൊണ്ട് 17,500 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ചെയര്‍മാന്‍ ഡോ. ഗുരുപ്രസാദ് മഹാപത്ര വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദൂരക്കാഴ്ച കുറയുന്ന സന്ദര്‍ഭങ്ങളില്‍ വിമാനങ്ങളെയും ഹെലികോപ്റ്ററുകളെയും നിരീക്ഷിക്കുന്നതിനുള്ള ആധുനിക സംവിധാനം കൊച്ചി വിമാനത്താവളത്തില്‍ സ്ഥാപിക്കും.

നിലവിലുള്ള വിമാനത്താവളങ്ങളുടെ വിപുലീകരണം, ഉപയോഗിക്കാത്ത വിമാനത്താവളങ്ങളുടെ പുനരുദ്ധാരണം, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, ടെലികമ്യൂണിക്കേഷന്‍ സംവിധാനങ്ങളുടെ നവീകരണം തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍സൈഡ് അറൈവല്‍ കോറിഡോറിന്റെ വിപുലീകരണ നടപടികള്‍ ഈ മാസം പൂര്‍ത്തിയാകും. 20.98 കോടി രൂപ ചെലവിട്ടാണ് നിര്‍മാണം നടത്തുന്നത്. കോഴിക്കോട് വിമാനത്താവളത്തില്‍ 85.18 കോടി രൂപ ചെലവില്‍ അന്താരാഷ്ട്ര ടെര്‍മിനലില്‍ നിര്‍മിക്കുന്ന പുതിയ അറൈവല്‍ ഹാളിന്റെ നിര്‍മാണം അടുത്ത ജൂലായില്‍ പൂര്‍ത്തീകരിക്കും.

തിരുവനന്തപുരം വിമാനത്താവളത്തില്‍ 56 കോടി രൂപ ചെലവില്‍ നടക്കുന്ന റണ്‍വേ നവീകരണപ്രവര്‍ത്തനങ്ങള്‍ നവംബറില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ 69.07 കോടി രൂപ ചെലവില്‍ സ്ഥാപിക്കുന്ന ടാക്‌സി ട്രാക്കുകളുടെ നിര്‍മാണം പൂര്‍ത്തിയായി. കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേ ശക്തിപ്പെടുത്തലും ടാക്‌സിവേ സ്ഥാപിക്കലും പൂര്‍ത്തിയായിക്കഴിഞ്ഞു. 55.42 കോടി രൂപ ചെലവിലാണ് നിര്‍മാണം. തിരുവനന്തപുരത്തെ കോമണ്‍ യൂസര്‍ എയര്‍കാര്‍ഗോ ടെര്‍മിനല്‍ ഈ വര്‍ഷം പൂര്‍ത്തീകരിക്കും -ചെയര്‍മാന്‍ അറിയിച്ചു.

വിമാനത്താവളങ്ങളില്‍ ബ്രാന്‍ഡഡ് ഫുഡ് ആന്‍ഡ് ബിവറേജസ് റീറ്റെയില്‍ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കും. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ 12 വിമാനത്താവളങ്ങളിലാണ് ഇവ സ്ഥാപിക്കുന്നത്.