ന്യൂഡല്‍ഹി: 36 റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ ഫ്രാന്‍സുമായി ധാരണാപത്രം ഒപ്പുവെച്ചു. 60,000 കോടിയോളം രൂപയാണ് ചെലവുവരിക. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ധാരണാപത്രം ഒപ്പുെവച്ചത്. എന്നാല്‍, വിലസംബന്ധിച്ച് ചര്‍ച്ച തുടരുന്നതിനാല്‍ കരാര്‍ പിന്നീടായിരിക്കും ഒപ്പുവെക്കുക.

ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധസഹകരണക്കരാര്‍ അടുത്ത 10 വര്‍ഷത്തേക്കു തുടരും. ജയ്താപുരില്‍ ആറ് ആണവറിയാക്ടറുകള്‍ ഫ്രാന്‍സ് സ്ഥാപിക്കും.

റഫേല്‍ വിമാന ഇടപാടുള്‍പ്പടെ 14 ധാരണാപത്രങ്ങളിലും കരാറുകളിലുമാണ് തിങ്കളാഴ്ച രണ്ടു രാജ്യങ്ങളും ഒപ്പുവെച്ചത്. ഞായറാഴ്ച 16 ധാരണാപത്രങ്ങളിലും ഒപ്പിട്ടിരുന്നു
റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതുസംബന്ധിച്ച് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ മൂന്നുവര്‍ഷമായി ചര്‍ച്ചനടക്കുന്നുണ്ട്. സാമ്പത്തികേതരവിഷയങ്ങളിലാണ് ധാരണയായതെന്നും വിലയുള്‍പ്പടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ചതുടരുകയാണെന്നും വിദേശകാര്യസെക്രട്ടറി എസ്. ജയശങ്കര്‍ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംയുക്ത സൈനികപരിശീലനം, ഹോംലാന്‍ഡ് സുരക്ഷ, സൈബര്‍ സുരക്ഷ, കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങളുടെ പങ്കിടല്‍ തുടങ്ങിയവയില്‍ സഹകരണം വര്‍ധിപ്പിക്കും.

ശാസ്ത്രം, സാങ്കേതികം, ബഹിരാകാശം, റെയില്‍വേ, വാണിജ്യം തുടങ്ങിയ രംഗങ്ങളിലും പരസ്​പരസഹകരണത്തിന് കരാര്‍ ഒപ്പുവെച്ചു. ബിഹാറിലെ മധേപ്പുരയില്‍ 800 ഇലക്ട്രിക് ലോക്കോമോട്ടീവുകള്‍ നിര്‍മിക്കുന്നതിനും ലുധിയാന, അംബാല റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കുന്നതിനും സംയുക്തസംരംഭത്തിന് രൂപംകൊടുക്കും. 2008-ലെ കരാറിന്റെ അടിസ്ഥാനത്തില്‍ സൈനികേതര ആണവോര്‍ജരംഗത്ത് പരസ്​പരസഹകരണം വര്‍ധിപ്പിക്കും.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ആണവോപകരണങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിന് സാങ്കേതികരംഗത്ത് സഹകരണം ഊര്‍ജിതപ്പെടുത്തും. ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയുടെ അംഗത്വത്തിനായി പിന്തുണയ്ക്കുമെന്ന് കൂടിക്കാഴ്ചയില്‍ ഒലാദ് വ്യക്തമാക്കി.

പഠാന്‍കോട്ട്, ഗുര്‍ദാസ്​പുര്‍ തീവ്രവാദി ആക്രമണങ്ങളെ ഇരുരാജ്യങ്ങളും അപലപിച്ചു. 2008-ലെ മുംബൈ ആക്രമണത്തെക്കുറിച്ചന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കണമെന്ന് രണ്ടു രാജ്യങ്ങളും പാകിസ്താനോടാവശ്യപ്പെട്ടു. ലഷ്‌കര്‍-ഇ-തൊയ്ബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍, ഹഖാനി ശൃംഖല, അല്‍ഖ്വെയ്ദ തുടങ്ങിയ തീവ്രവാദസംഘടനകള്‍ക്കെതിരെ ആഗോളതലത്തില്‍ നടപടിയുണ്ടാകണം. അതിര്‍ത്തികടന്നുള്ള തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് സ്വന്തം മണ്ണ് വിട്ടുകൊടുക്കില്ലെന്ന് എല്ലാ രാജ്യങ്ങളും നിലപാടു സ്വീകരിക്കണമെന്ന് രണ്ടു നേതാക്കളും ആവശ്യപ്പെട്ടു.

തീവ്രവാദത്തിനെതിരെ യോജിച്ചു പോരാടുമെന്ന് ഇരുനേതാക്കളും ഒപ്പുവെച്ച് പുറത്തിറക്കിയ സംയുക്തപ്രസ്താവനയില്‍ പറഞ്ഞു.  ഒലാദ് ചൊവ്വാഴ്ച റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.